ആലപ്പുഴ‍ നഗരസഭയിലെ പ്രതിഷേധം; കർശന നടപടിയുമായി സിപിഎം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി


ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
നെഹ്റു ട്രോഫി വാര്‍ഡിലെ ബ്രാഞ്ച് സെക്രട്ടറിമാരായ പി പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ച്‌ പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സൂചന.

പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൗണ്‍സിലര്‍ സൗമ്യ രാജുവിനെ നഗരസഭാ അധ്യക്ഷയാക്കിയതിലായിരുന്നു ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇതേ തുടർന്ന് നൂറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പരസ്യപ്രകടനം നടത്തുകയായിരുന്നു.

പ്രശ്‌ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. അധ്യക്ഷയെ തെരഞ്ഞെടുത്ത തീരുമാനം ഏകപക്ഷീയമാണെന്നായിരുന്നു പ്രകടനം നടത്തിയവരുടെ ആരോപണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക