ഐ.എസ്.എൽ; ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി


ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ബെംഗളൂരു എഫ്സിക്ക് തുടർച്ചയായ രണ്ടാം തോൽവി. ജംഷദ്പൂർ എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരു അടിയറവ് പറഞ്ഞത്. ജയത്തോടെ ബെംഗളൂരുവിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ ജംഷദ്പൂരിനും സാധിച്ചു. പ്രതിരോധ താരം സ്റ്റീഫൻ എസ്സെയുടെ ഗോളാണ് ജംഷദ്പൂരിന് വിജയമൊരുക്കിയത്.

മത്സരത്തിലുടനീളം ജംഷദ്പൂരിന്റെ മലയാളി ഗോൾകീപ്പർ ടി.പി രഹ്നേഷിന്റെ തകർപ്പൻ സേവുകളാണ് ഛേത്രിയുടെ സംഘത്തിന്റെയും മുന്നേറ്റങ്ങൾ നിഷ്ഫലമാക്കി കളഞ്ഞത്. മറുവശത്ത് ഗുർപ്രീത് സിങ് സന്ധുവും ഒരുപിടി മികച്ച സേവുകളുമായി ആരാധകരെ ഞെട്ടിച്ചെങ്കിലും ഒരു തവണ താരത്തെ മറികടന്ന് പന്ത് ബെംഗളൂരു വലയിലെത്തുകയായിരുന്നു. രഹ്നേഷ് മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം നേടിയെങ്കിലും സാവധാനം ബെംഗളൂരു പതുങ്ങുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയിൽ . രണ്ടാം മിനിറ്റിൽ തന്നെ രഹ്നേഷിന്റെ തകർപ്പൻ സേവ് ജംഷദ്പൂരിന് തുണയായി. ബോക്സിന് പുറത്ത് നിന്ന് ഓപ്സെത്ത് എടുത്ത കിക്ക് രഹ്നേഷ് തടുത്തിട്ടു. പത്താം മിനിറ്റിൽ ഛേത്രിക്ക് ലഭിച്ച അവസരം നിർഭാഗ്യംകൊണ്ട് മാത്രമാണ് പുറത്തേക്ക് പോയത്.

ഇതോടെ ഉണർന്ന് കളിച്ച ജംഷദ്പൂർ ബെംഗളൂരു ഗോൾവല ലക്ഷ്യമാക്കി നിരവധി അക്രമണങ്ങൾ അഴിച്ചുവിട്ടു. 17-ാം മിനിറ്റിൽ വാൽസ്കിസിന്റെ കാലിൽ നിന്നുയർന്ന ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 32-ാം മിനിറ്റിൽ വീണ്ടും ബെംഗളൂരുവിന്റെ മുന്നേറ്റം. ഗോളെന്നുറപ്പിച്ച കുതിപ്പ് എന്നാൽ സമയോചിതമായ ഇടപ്പെടലിലൂടെ രഹ്നേഷ് തട്ടിയകറ്റുകയായിരുന്നു. 43-ാം മിനിറ്റിൽ ജാക്കിചന്ദ് ഒരു ഹെഡർ ഗോളിന് ശ്രമിച്ചെങ്കിലും ഗുർപ്രീത് വില്ലനായി. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ.

രണ്ടാം പകുതിയുടെ തുടക്കവും വിരസമായിരുന്നു. പ്ലെയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് മുതിരാതെ ഇരു പരിശീലകരും നിലവിലെ തന്ത്രം വിജയിക്കുമോയെന്ന് കാത്തിരുന്നു. പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇരു ടീമുകളും ഗോൾ വഴങ്ങുന്നത് ഒഴിവാക്കാനായിരുന്നു ശ്രമിച്ചത്. 62-ാം മിനിറ്റിലാണ് രണ്ടാം പകുതിയിലെ ഒരു മികച്ച അവസരം പിറക്കുന്നത്. ജംഷദ്പൂരിന്റെ നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലിയ്ക്ക് മികച്ച അവസരം ബോക്‌സിനകത്തുവെച്ച് ലഭിച്ചെങ്കിലും ബെംഗളൂരുവിന്റെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി.

അടുത്ത 15 മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. എന്നാൽ 79-ാം മിനിറ്റിൽ ബെംഗളൂരു ഗോൾവല ചലിപ്പിച്ച് മത്സരത്തിനെയാകെ ഉണർത്താൻ ജംഷദ്പൂരിനായി. അനികേതിന്റെ പാസ്സില്‍ നിന്നും ബോക്‌സിലേക്ക് ഡൈവ് ചെയ്ത് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് എസ്സെ ഗോള്‍ നേടിയത്. പ്രതിരോധതാരമായ എസ്സെ ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്.

ആദ്യ ഗോൾ പിറന്നതോടെ അക്രമണത്തിലേക്ക് ഗിയർ മാറിയ ബെംഗളൂരു നിരന്തരം ജംഷദ്പൂർ ഗോൾമുഖത്ത് അപകടമുണ്ടാക്കി. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ച ജംഷദ്പൂർ സമനില ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. ജംഷദ്പൂർ. അത് വിജയം കാണുകയും ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക