കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ 17-കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഏഴ് പേര് പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17-കാരനെ കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഏഴ് പേര് ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ചാണ് 17-കാരനെ മര്‍ദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവശനായ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍നിര്‍ത്തിയും ഉപദ്രവിച്ചു. ക്രൂരമര്‍ദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയില്‍ നടന്ന സംഭവം പുറംലോകമറിഞ്ഞത്.
മര്‍ദനമേറ്റ 17-കാരന് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.