ആലപ്പുഴ ബൈപ്പാസ്; ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌ മന്ത്രി തോമസ് ഐസക്കിനെയും തിലോത്തമനെയും 2 എംപിയേയും 'വെട്ടി' കേന്ദ്രം, വി മുരളീധരനെ ഉൾപ്പെടുത്തി, രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം


ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയക്കളി നടക്കുന്നതായി ആരോപണം. ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം.പിമാരായ എ.എം.ആരിഫിനെയും കെ.സി.വേണുഗോപാലിനെയും കേന്ദ്രം ഒഴിവാക്കി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരേയും എം.പിമാരേയും ഒഴിവാക്കിയിരിക്കുന്നത്. പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകരായി വരുന്നത് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. സംസ്ഥാനത്തിന് തങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ സാധിക്കൂ.

ജില്ലയില്‍ നിന്നുളള മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവരെ ഉദ്ഘാടന ചടങ്ങളില്‍ ഉള്‍ക്കൊളളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. ബൈപ്പാസ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവന നല്‍കിയ ആളാണ് കെ.സി.വേണുഗോപാല്‍. ഇതെല്ലാം കണക്കിലെടുത്താണ്‌ മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം തയ്യാറാക്കിയത്.

എന്നാല്‍ നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിര്‍ദേശത്തില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി.മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനല്‍കി. സ്ഥലം എം.പിയെ ഒഴിവാക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്.

തങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് മന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചു. ചടങ്ങില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയത് മര്യാദകേടും നീതികേടുമാണെന്നായിരുന്നു എം.പി. എ.എം.ആരിഫിന്റെ പ്രതികരണം.


ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. സാധാരണഗതിയില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെടുക. ഇവിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനിലൂടെയാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എനിക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍ പൊതുമരാമത്തിന് അയച്ച കരട് നിര്‍ദേശത്തില്‍ ഞങ്ങളെ ഒഴിവാക്കിയതായാണ് അറിയുന്നത്. ഇത് വൈരുധ്യമാണ്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണം. ഇതിനെതിരായി സ്പീക്കര്‍ക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പരാതികൊടുക്കും. ശക്തമായി പ്രതികരിക്കും. ഇത്തരം ജനാധിപത്യ വിരുദ്ധമായ നിര്‍ദേശത്തെ വെല്ലുവിളിക്കാനുളള തന്റേടം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക