കാമുകിയെ കാണാൻ ഏറെ പ്രതീക്ഷയോടെ അൽപ്പം സാഹസികമായി പുറപ്പെട്ട യുവാവിന് ഒടുവിൽ പൊലീസ് ലോക്കപ്പിലാണ് അന്തിയുറങ്ങേണ്ടി വന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് യുവാവ് പുറപ്പെട്ടത്. ബെംഗളുരു സ്വദേശിയായ ഇരുപത് വയസ്സുള്ള സൽമാൻ എന്ന യുവാവിനാണ് പ്രണയം ദയനീയമായ അനുഭവമായി മാറിയത്. ഉത്തർപ്രദേശ് സ്വദേശിയായ സൽമാൻ ബെംഗളുരുവിൽ മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു.
ലഖ്നൗ സ്വദേശിയായ പെൺകുട്ടിയുമായി ഓൺലൈനിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്. പെൺകുട്ടിയുടെ പിറന്നാൾ ദിവസം സർപ്രൈസായി മുന്നിൽ എത്താനായിരുന്നു സൽമാന്റെ തീരുമാനം. ഇതിനായി ബെംഗളുരുവിൽ നിന്നും വിമാനമാർഗം ലഖ്നൗവിൽ എത്തി. ഇവിടെ നിന്നും പെൺകുട്ടിയുടെ വീടുള്ള ലക്ഷ്മിപൂർ ഖേരിയിലേക്ക് ബസ് മാർഗം പുറപ്പെട്ടു.
2000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. കാമുകിക്ക് പിറന്നാൾ സമ്മാനമായി ചോക്ലേറ്റും ടെഡി ബെയറുമെല്ലാം കരുതിയിരുന്നു. പക്ഷേ ട്വിസ്റ്റ് എന്ന് പറയട്ടെ, സന്തോഷത്തോടെ തന്നെ സ്വീകരിക്കുന്ന കാമുകിയെ പ്രതീക്ഷിച്ച സൽമാന് ലഭിച്ചത് ഒരു പൊലീസ് കേസാണ്.
ഇത്രനാളും ഓൺലൈനിൽ ചാറ്റ് ചെയ്ത യുവാവിനെ അറിയില്ലെന്ന് പെൺകുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു. ഇതോടെ സൽമാന്റെ പ്രണയകഥയ്ക്ക് ആന്റി ക്ലൈമാക്സുമായി. ഞായറാഴ്ച്ച പൊലീസ് സ്റ്റേഷനിലാണ് സൽമാൻ അന്തിയുറങ്ങിയത്.
അടുത്ത ദിവസം യുവാവിനെ ജാമ്യത്തിൽ വിട്ടു. ഇനി ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകരുതെന്ന് സൽമാന് താക്കീതും നൽകണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.