അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ആലപ്പുഴ ബൈപ്പാസ് ഈ മാസം 28 നാടിന് സമർപ്പിക്കും. പ്രധാനമന്ത്രിക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ കേന്ദ്രമന്ത്രി നിധിന് ഗഡ് ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തില് 370 കോടിയോളം രൂപ ചെലവിട്ടാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്.
1987 ല്‍ തറക്കല്ലിട്ട ആലപ്പുഴ ബൈപാസിന് കുറുകെയുണ്ടായിരുന്ന ഒരു ചുവപ്പുനാടയാണ് മുറിക്കുന്നത്. 28 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കി വാഹനങ്ങള്‍ ഓടിത്തുടങ്ങും. 172 കോടി രൂപ വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പങ്കിട്ടാണ് നിര്‍മാണ ചുമതല വഹിച്ചത്. ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് താല്പര്യമുണ്ടെന്ന് കാണിച്ച് കേന്ദം കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍, തീയതി അനന്തമായി നീളുകയും പ്രധാനമന്ത്രിയുടെ ഓഫിസ് അസൗകര്യം അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി ഇല്ലാതെ ഉദ്ഘാടനം നിശ്ചയിച്ചത്.
പണികൾ പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം 3 ചീഫ് സെക്രട്ടറിമാരുടെ സമിതിയും മദ്രാസ് ഐഐടിയിലെ 2 വിദഗ്ധരും ഭാരപരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. 6.8 കിലോമീറ്ററാണ് ബൈപാസിന്റെ ആകെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ ദൂരം കടല്‍ത്തീരം വഴിയുള്ള മേല്‍പ്പാലമാണ്. പദ്ധതിയില്‍ നേരത്തെയുണ്ടായിരുന്ന 80 വഴിവിളക്കുകള്‍ക്ക് പുറമെ 328 വിളക്കുകള്‍കൂടി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കളര്‍കോട്, കൊമ്മാടി ജംക്ഷനുകളുടെ നവീകരണം ഉള്‍പ്പടെ 25 കോടിയോളം രൂപ സംസ്ഥാനം അധികമായി ചെലവിട്ടിട്ടുണ്ട്.
ആലപ്പുഴ ബൈപാസ് തുറക്കുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വൻ പാലങ്ങളാണു ഗതാഗതയോഗ്യമാകുന്നത്. പാലാരിവട്ടം പാലം മേയിൽ തുറക്കും. അതോടെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളിൽ 5 വലിയ പാലങ്ങളാകുമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.