പൊന്നും പണവും കൈക്കലാക്കിയ ശേഷം ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും കൊടിയ പീഡനം: 2.97 കോടി രൂപയും 424 പവനും ഭാര്യയ്ക്ക് തിരിച്ചുനൽകണമെന്ന് തൃശ്ശൂർ കുടുംബ കോടതി; ചെലവിനായി പ്രതിമാസം 70,000 രൂപയും


തൃശൂർ: 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും ഭാര്യക്ക് തിരികെ നൽകണമെന്നും പ്രതിമാസം ചെലവിന് 70,000 രൂപ നൽകണമെന്നും കുടുംബകോടതി. ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഇവ ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതിയാണ് വിധിച്ചത്.

ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതി ഭർത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു ഗോപി, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, സഹോദരഭാര്യ ശ്രീദേവി എന്നിവർക്കെതിരേ ഇരിങ്ങാലക്കുട കുടുംബകോടതിയിൽ നൽകിയ ഹർജിയിലാണ് ജഡ്ജി എസ്.എസ്. സീനയുടെ ഉത്തരവ്. ഭർത്താവ് പഠന ചെലവിനും വീടും വാഹനവും വാങ്ങുന്നതിനും ഭാര്യവീട്ടിൽ നിന്ന് കൈപ്പറ്റിയ തുക അടക്കമാണ് 2,97,85,000 രൂപ തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്.

2012 മേയ് 11നായിരുന്നു ശ്രുതിയും ഡോ. ശ്രീതു ഗോപിയും തമ്മിലുള്ള വിവാഹം. 2014ൽ മകൻ ജനിച്ചു. വിവാഹം നിശ്ചയം കഴിഞ്ഞതുമുതൽ ഭർതൃവീട്ടുകാർ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും എൻ ആർ ഐ ക്വാട്ടയിൽ തൃശൂർ മെഡിക്കൽ കോളജിൽ എം ഡി കോഴ്‌സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ചോദിച്ചു വാങ്ങിയെന്നും പിന്നീട് കല്യാണ ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ശ്രുതി കോടതിയെ ബോധിപ്പിച്ചു.

വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി ഇരിങ്ങാലക്കുട കുടുംബ കോടതിയെ സമീപിച്ചത്. വിചാരണസമയത്ത് കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് ശ്രുതിയ്ക്ക് അനുകൂലമായി കുടുംബ കോടതി വിധി പ്രഖ്യാപിച്ചത്. മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ഡോ. ശ്രീതു ഗോപി സമർപ്പിച്ച ഹർജി കോടതി തള്ളി ഉത്തരവായി.

ഹർജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബെന്നി എം കാളൻ, എ സി മോഹനകൃഷ്ണൻ, കെ എം ഷുക്കൂർ എന്നിവർ ഹാജരായി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക