ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ യുവതിയെ ആക്രമിച്ച് ഒമ്പത് പവന്റെ മാല കവര്‍ന്നു; യുവതിയുടെ അമ്മയും 4 അംഗ കൊട്ടേഷൻ സംഘവും പോലീസ് പിടിയിൽ


കൊട്ടാരക്കര: ഭര്‍ത്താവിനൊപ്പം െബെക്കില്‍ യാത്രചെയ്തിരുന്ന യുവതിയുടെ ഒന്‍പത് പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവം യുവതിയുടെ മാതാവ് നല്‍കിയ ക്വട്ടേഷനെന്ന് പോലീസ്. യുവതിയുടെ മാതാവ് എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള വീട്ടില്‍ നജി(48)യെ എഴുകോണ്‍ പോലീസ് ഇന്നലെ പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്നു പിടികൂടി.

ക്വട്ടേഷന്‍ സംഘത്തില്‍പെട്ട കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷെബിന്‍ഷാ (ചിപ്പി, 29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ഇക്കഴിഞ്ഞ ആറിന് പോലീസ് പിടികൂടിയപ്പോഴാണ് നജിയുടെ പങ്ക് പുറത്തായത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നജി ഇളയ മകളുമൊത്ത് വിവിധ ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

2020 ഡിസംബര്‍ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. നജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നജിയുടെ വീട്ടിലേക്ക് പോകവെ ഇവരെ െബെക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. മകളുടെ രണ്ടാം ഭര്‍ത്താവായ തൃശൂര്‍ സ്വദേശി ജോബിന്‍ നജിയുടെ ചെലവിലാണ് കഴിഞ്ഞു വന്നിരുന്നത്.

ജോലിക്കും മറ്റും പോകാതെ മകളും മരുമകനും ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു. ജോലിക്ക് പോകാത്തതിന് ജോബിനെ വഴക്കു പറയുകയും ഇതിനെ തുടര്‍ന്ന് ജോബിന്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിലുള്ള വിരോധമാണ് ജോബിനെ ഉപദ്രവിക്കുന്നതിനും മാല പൊട്ടിക്കുന്നതിനും 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും നജി പോലീസിനോട് പറഞ്ഞു.

നജിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്‍സ്‌പെക്ടര്‍ വി.എസ്. ശിവപ്രസാദ്, എസ്.ഐ. സി.ബാബുക്കുറുപ്പ്, ഡാന്‍സാഫ് എ.എസ്.ഐ. ആഷിര്‍ കോഹൂര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ എസ്.വി. വിബു, മഹേഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക