മലപ്പുറം: എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റിൽ. വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലുമായി. തിരൂർ സ്വദേശിനിയായ 27കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാമുകനായ തൃശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്.
ഹാരിസും സഹോദരനും നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട് സ്നേഹംനടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി.
ഭർത്തൃസഹോദരന്റെ ഭാര്യയുടെ കൈകയിൽനിന്ന് 15 പവൻ സ്വർണാഭരണവും വാങ്ങിയാണ് യുവതി പോയത്. ഹാരിസിനെയും സഹായങ്ങൾചെയ്ത സഹോദരൻ റഫീഖിനെയും പൊലീസ് തിരഞ്ഞുവരികയാണ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളിൽ ബന്ധുവീടുകളിൽ കൊണ്ടുപോയാണ് താമസിപ്പിച്ചത്.
ഭർത്തൃപിതാവിന്റെയും ഭർത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. സംരക്ഷണം നൽകേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പൊലീസ് പറഞ്ഞു. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ 20ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.