ജമ്മുവിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് പൈലറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്


ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. കോ പൈലറ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്‍റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെ കശ്മീരിലെ കത്വ ജില്ലയിലെ ലഖാന്‍പൂരിന് സമീപമായിരുന്നു അപകടം.

ആർമിയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ (എഎൽഎച്ച്) ധ്രുവ് ഇവിടെ ക്രാഷ് ലാൻഡിംഗ് ചെയ്യുകയായിരുന്നു എന്നാണ് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചത്.

ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരെയും ഉടൻ തന്നെ പത്താൻകോട്ടിലെ മിലിട്ടറി ബേസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. 'ആർമിയുടെ ധ്രുവ് ഹെലികോപ്ടർ ലഖാൻപുരിന് സമീപം ക്രാഷ് ലാൻഡ് ചെയ്തു. രണ്ട് സൈനിക പൈലറ്റുമാര്‍ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്താൻകോട്ടിലെ മിലിട്ടറി ബേസിലേക്ക് മാറ്റി' എന്നാണ് കത്വ ജില്ലാ പൊലീസ് മേധാവി ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് ഇവരിലൊരാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
2019 ഒക്ടോബറിലും സമാനമായ തരത്തിൽ ധ്രുവ് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ആർമി നോർത്തേൺ കമാന്‍റ് ലെഫ്റ്റനന്‍റ് ജനറൽ രൺബീർ സിംഗ് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറുകളെ തുടർന്ന് കശ്മീരിലെ പൂഞ്ചിന് സമീപം വിമാനം അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ നവംബറിൽ നടന്ന മറ്റൊരു സംഭവത്തിൽ പരിശീലനത്തിനിടെ നാവിക സേനയുടെ മിഗ്29കെ യുദ്ധവിമാനം തകർന്ന് വീണ് സൈനികന്‍ മരിച്ചിരുന്നു. അറബിക്കടലിലാണ് വിമാനം തകർന്നു വീണത്. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന ആളെ കാണാതെ ആവുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തിൽ ഉന്നതതല അന്വേഷണത്തനും ഉത്തരവിട്ടിരുന്നു.

നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക