തിരുവനന്തപുരത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു


തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.
സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവര്‍ അഗ്നിശമനസേനയെ വിളിച്ചുവരുത്തി. സേനാംഗങ്ങള്‍ തീ അണച്ചെങ്കിലും ശ്രീകുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ പതിനാറ് വര്‍ഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 61 പേരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

തുടര്‍ന്ന് തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തി. ഔട്ട്‌സോഴ്‌സിങ്‌ ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് ചര്‍ച്ചയില്‍ സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാര്‍. അപ്പോഴാണ് മറ്റുചിലര്‍ ജോലിക്ക് കയറുന്നത് ശ്രീകുമാര്‍ കണ്ടത്. ജോലി നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു.

ഇതേ സ്‌കൂളില്‍ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെണ്‍കുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയതും വീടുപണിയും മറ്റുമായി കടബാധ്യതകള്‍ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേര്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവര്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.

പ്രശ്‌നത്തില്‍ കളക്ടര്‍ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക