കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് ദുബായ്; നിയമം ലംഘിച്ചാല്‍ കനത്ത പിഴ


ദുബായ്: കൊവിഡ് വ്യാപന നിരക്ക് വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ദുബായ് അധികൃതര്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊണ്ട് ദുബായ് മീഡിയ ഓഫീസാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കാനും അധികൃതര്‍ തീരുമാനിച്ചു.

പബ്ബുകള്‍, ബാറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ സമയവും മാസ്‌ക്ക് ധരിയ്ക്കുകയും ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുകയും വേണം. ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍ തുടങ്ങിയ ഇടങ്ങളിലേയ്ക്ക് പോകുന്നവര്‍ ആദ്യം സീറ്റ് ബുക്ക് ചെയ്ത് വേണം പോവാന്‍. ചെല്ലുമ്പോള്‍ സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ പുറത്തോ വാഹനങ്ങളിലോ കാത്തിരിക്കണം. സീറ്റ് ഒഴിഞ്ഞാല്‍ മാത്രം അകത്തു കടക്കുക. ഒരു വലിയ ടേബിളില്‍ പരമാവധി ആറു പേര്‍ മാത്രമേ പാടുള്ളൂ. ടേബിളുകള്‍ തമ്മിലും രണ്ട് മീറ്റര്‍ അകലമുണ്ടായിരിയ്ക്കണം. പരമാവധി മുഖാമുഖം ഇരിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഇരുന്നതിനു ശേഷം മാത്രമേ മാസ്‌ക്ക് അഴിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച് ചടങ്ങുകള്‍ സംഘടിപ്പിയ്ക്കുന്നവര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും 50,000 ദിര്‍ഹമാണ് പിഴ ചുമത്തുക. നിയന്ത്രണങ്ങള്‍ ലംഘിച്ച് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് 15,000 ദിര്‍ഹം പിഴ ഈടാക്കും. വീടുകളിലായാലും പുറത്തായാലും ഈ നിയമം ബാധകമാണ്. വീട്ടിലായാലും സ്ഥാപനങ്ങളിലായാലും ചടങ്ങുകളില്‍ 30ല്‍ കൂടുതല്‍ പേര്‍ പാടില്ല. വലിയ ഹാളുകളിലും ടെന്റുകളിലും പരമാവധി 200 പേര്‍ വരെ പോകാം. കൃത്യമായ സാമൂഹിക അകലം പാലിച്ചിരിയ്ക്കണം. നാല് ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്ന രീതിയില്‍ ആളുകള്‍ തമ്മില്‍ അകലം വേണമെന്നാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശം.

വീടുകളിലായാലും ഹോട്ടലുകളിലായാലും ചടങ്ങുകള്‍ നാല് മണിക്കൂറിനേക്കാള്‍ നീളരുതെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പ്രായമുള്ളവര്‍, വിട്ടു മാറാത്ത അസുഖങ്ങളുള്ളവര്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം. ചുമ, പനി പോലുള്ള കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മീഡിയ ഓഫീസ് പുറത്തു വിട്ട നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന വ്യാപകമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക