കോവിഡ് വ്യാപനം: കൊച്ചിയിലും കോഴിക്കോട്ടും സ്ഥിതി അതീവ ഗുരുതരമെന്ന്- ഐ.എം.എ


കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി ഐഎംഎ കേരള ഘടകം. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനു മുകളില്‍ രോഗികള്‍ ഉണ്ടാകുന്നു. ഇതനുസരിച്ച് ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബ്രേക്ക് ദ് ചെയിന്‍ അനുവര്‍ത്തിക്കുന്ന കാര്യത്തില്‍ ഒരു അലംഭാവം ജനങ്ങളില്‍ ഉണ്ടാകുന്നതായി കാണുന്നു. സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാശാലകള്‍, മാളുകള്‍, ബാറുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ അയവ് വന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കും.

50% മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂ. അതുപോലെത്തന്നെ ഐസലേഷന്‍/ ക്വാറന്റീൻ നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

അനാവശ്യ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായി കൂട്ടുകൂടല്‍ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇളവുകള്‍ നല്‍കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെങ്കിലും അത് നമ്മുടെ സഹോദരരുടെ ജീവന്‍ പണയം വച്ചുകൊണ്ടാകരുത്. കൂടുതല്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാകുന്ന അവസ്ഥ അകലെയല്ല എന്നും ഐഎംഎ വാർത്താക്കുറിപ്പിൽ സൂചിപ്പിക്കുന്നു.

കോണ്ടാക്ട് ടെസ്റ്റിങ്, സര്‍വൈലന്‍സ് ടെസ്റ്റിങ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് രണ്ടും ഊർജസ്വലമായി വീണ്ടും ചെയ്താല്‍ മാത്രമേ രോഗബാധിതരെയും രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളേയും തിരിച്ചറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുകയുള്ളു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ നില തുടര്‍ന്നാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. പൊതുജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. ലോക നിലവാരത്തില്‍ത്തന്നെ വാക്‌സീന്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ള കേരളത്തില്‍ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ച് ത്വരിതഗതിയില്‍ വാക്‌സിനേഷന്‍ നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎംഎ പൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

കോവിഡിന്റെ മുന്‍നിര പോരാളികളായ മെഡിക്കല്‍ കോളജ് അധ്യാപകരുടെ വേതന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കി അവരെ സമരമാര്‍ഗ്ഗത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്തിരിപ്പിക്കണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക