അമൃത്സർ: പൊടിപ്പ് മില്ലിലെ യന്ത്രത്തിൽ മുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പഞ്ചാബിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്തയെത്തുന്നത്. ബൽജീത് കൗർ എന്ന മുപ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബൽജീത്തിന്റെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള മില്ലിൽ വച്ച് തന്നെയായിരുന്നു അപകടം.
ഭർത്താവ് സ്ഥലത്തില്ലാതിരുന്നതിനെ തുടർന്നാണ് ബൽജിത്ത് മില്ലിലെത്തിയത്. ഇതിനിടെ ഒരാൾ ധാന്യം പൊടിപ്പിക്കാനായി എത്തി. ഇതിനായി മുന്നോട്ട് നീങ്ങിയപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന യന്ത്രത്തിൽ മുടി കുരുങ്ങുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ തല അറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. 'ബൽജീത്ത് കൗറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്' ജീര പൊലീസ് സ്റ്റേഷൻ എഎസ്ഐ ബൽവീന്ദർ സിംഗ് അറിയിച്ചു.