കൊച്ചി: കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രന് റഫീഖ് മരയ്ക്കാര്‍ ആണ് ജയിച്ചത്. 64 വോട്ടുകള്‍ക്കാണ് റഫീക്കിന്റെ വിജയം. റഫീഖിന് 308 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി സലീമിന് 244 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് ലഭിച്ചത്.
ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. കളമശ്ശേരിയില്‍ നിലവില്‍ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും. തുടർന്ന് നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. ഇതോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ വിജയം. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ലീഗും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി.
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥന് വിജയിച്ചത്. കെ. രാമനാഥന് 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിലെ അഡ്വ. മഠത്തില്‍ രാമന്‍കുട്ടി 1049 വോട്ടും എന്‍ഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചയത്തിലെ തില്ലങ്കേരി ഡിവിഷന് അടക്കം ഏഴിടത്താണ് തിരഞ്ഞെടുപ്പ് നടന്നത്.