പത്തനംതിട്ടയിൽ സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്ത നിലയിൽ


പത്തനംതിട്ട: സി.പി.എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനെ(48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേര്‍ന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല.

ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണം പാര്‍ട്ടിയാണെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കാന്‍ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാര്‍ട്ടിക്കാര്‍ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടന്‍ പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞു.

പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റതിന് പ്രധാനകാരണം ഓമനക്കുട്ടനാണെന്ന് ചില പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഭര്‍ത്താവ് ഒന്നുംമിണ്ടാതെ മുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോന്നി ഏരിയാ സെക്രട്ടറിയെ നേരില്‍കണ്ട് കാലുപിടിച്ചിരുന്നു. തന്റെ ഭര്‍ത്താവ് അറിയാത്ത കാര്യങ്ങള്‍ക്കാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയതെന്നും രാധ പറഞ്ഞു.

അതേസമയം പാര്‍ട്ടിക്കെതിരേയുള്ള കുടുംബത്തിന്റെ ആരോപണങ്ങള്‍ കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍ നിഷേധിച്ചു. പ്രാദേശിക പാര്‍ട്ടി നേതൃത്വവും ഓമനക്കുട്ടനുമായി എതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി തന്റെ അറിവിലില്ലെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനും ഭാര്യയും തന്നെവന്നു കണ്ടിരുന്നു. വിഷയത്തിലെ നിജസ്ഥിതി പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ശ്യാംലാല്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക