ചിറ്റൂര്‍: ആഭിചാരക്രിയയുടെ ഭാഗമായി യുവതികളായ പെണ്മക്കളെ മാതാപിതാക്കള്‍ ബലി കൊടുത്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ മടനാപള്ളി നഗരത്തില്‍ സ്കൂള്‍ അദ്ധ്യാപകനായ ആളും ഭാര്യയുമാണ് മക്കള്‍ പുനര്‍ജ്ജനിക്കുമെന്ന് പറഞ്ഞ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലായ പുരുഷോത്തമനെയും ഭാര്യ പദ്മജയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്മക്കളുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. പൂജാമുറിയില്‍ നിന്നും പെണ്മക്കളായ 27 കാരി ആലേഖ്യയുടേയും 22 കാരി സായിദിവ്യയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ കലിയുഗം അവസാനിച്ച് സാത് യുഗം തുടങ്ങുന്ന തിങ്കളാഴ്ച മക്കള്‍ പുനര്ജ്ജനിക്കുമെന്നാണ് ഇവര്‍ നല്കിയ മറുപടി. ഉന്നതവിദ്യാഭ്യാസമുള്ളവരാണ് മാതാപിതാക്കളും മക്കളും. ആലേഖ്യ പിജി കഴിഞ്ഞയാളും സായി ദിവ്യ ബിബിഎ കഴിഞ്ഞ് വിഖ്യാത സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മുംബൈയിലെ സംഗീത സ്കൂളില്‍ പഠിക്കുകയുമായിരുന്നു.
ലോക്ക്ഡൗണില്‍ കോളേജ് അടച്ച സാഹചര്യത്തില്‍ തിരിച്ച് വീട്ടിലെത്തിയതായിരുന്നു. കോവിഡ് കാലത്ത് ദമ്പതികള്‍ അസ്വാഭാവികമായിട്ടാണ് പെരുമാറിയിരുന്നതെന്നും ഞായറാഴ്ച രാത്രിയിലും ഈ രീതിയിലായിരുന്നു എന്നും പോലീസ് പറയുന്നു.വീടിനുള്ളില്‍ നിന്നും അപരിചിതമായ ശബ്ദങ്ങളും കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോള്‍ ദമ്പതികള്‍ ഇവരെ വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ബലമായി വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് പോലീസ് ഞെട്ടിക്കുന്ന രംഗം കണ്ടെത്തിയത്. പൂജാമുറിയില്‍ നിന്നുമാണ് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റേയാളുടെ മൃതദേഹം അടുത്ത മുറിയില്‍ നിന്നും കണ്ടെത്തി.