ചെന്നൈ: വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തൂത്തുക്കുടി സ്വദേശിയായ പ്രഭു എന്ന 38 കാരനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ഉമാമേശ്വരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട പ്രഭു ഭാര്യ ഉമാമേശ്വരിക്കും നാലും ഏഴും വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് ഇവർക്കുള്ളത്.തൂത്തുക്കുടിയിലെ സ്വകാര്യ മില്ലിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട പ്രഭു. ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ പ്രഭു ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ മറ്റൊരു സ്ത്രീയെ താൻ വിവാഹം കഴിക്കാൻ പോകുകയാണെന്ന് പ്രഭു ഉമാമേശ്വരിയോട് പറഞ്ഞു. പ്രഭുവിന്റെ ബന്ധുവായ അടുത്ത ഗ്രാമത്തിലുള്ള സ്ത്രീയെ വിവാഹം ചെയ്യുമെന്നായിരുന്നു പറഞ്ഞത്. ഇത് കേട്ട ഉമാമേശ്വരി വീട്ടിലുള്ള മടവാൾ എടുത്ത് പ്രഭുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.
ആഴത്തിൽ മുറിവേറ്റ പ്രഭു സംഭവ സ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു. ഭർത്താവിന്റെ മരണം ഉറപ്പിച്ച ഉമാമേശ്വരി കോവിൽപട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഉമാമേശ്വരിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിലെത്തിയ പൊലീസ് സ്ഥലത്തു നിന്ന് പ്രഭുവിന്റെ രക്തത്തിൽ കുളിച്ച മൃതദേഹവും കണ്ടെത്തി. ഉമാമേശ്വരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.