വര്‍ക്കല: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥി ചുഴിയില്‍ പെട്ട് മുങ്ങി മരിച്ചു. ഇടവ ഓടയം ആലുനിന്ന തൊടിയില്‍ വീട്ടില്‍ നവാബിന്റെയും മിനിമോളുടെയും മകന് നൂര്‍ മുഹമ്മദ് (16) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഓടയം വലിയ പള്ളിക്ക് മുന്നിലെ മത്സ്യബന്ധന കേന്ദ്രത്തിന് സമീപം ഉള്ള കടലിലാണ് നൂര്‍ മുഹമ്മദും കൂട്ടുകാരും കുളിക്കാനയി ഇറങ്ങിയത്. അല്പനേരം കുളിച്ച ശേഷം തിരികെ കയറുന്നതിനിടെ നൂര്‍ മുഹമ്മദിനെ കാണാതാവുകയായിരുന്നു. കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും നൂര്‍ മുഹമ്മദിനെ കണ്ടെത്താന്‍ സാധിച്ചില്ല.
ഞായറാഴ്ച രാവിലെ മാന്തറ ഭാഗത്തെ കടലില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഓടയം വലിയപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാപ്പില്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിയായിരുന്നു. മുഹമ്മദ് നൂഹു, നൂറ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.