ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ അനുവദിക്കാമെന്ന് സുപ്രീം കോടതി. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ സിദ്ദിഖ് കാപ്പന് തയ്യാറാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെ.യു.ഡബ്ല്യു.ജെ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്. 90 വയസ്സുള്ള കാപ്പന്റെ അമ്മയെ മകനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് യൂണിയന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തില്ല. ജയില്‍ ചട്ടപ്രകാരം വീഡിയോകോൺഫറൻസിന് അനുവദിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതായി കബിൽ സിബൽ വ്യക്തമാക്കി.
ഇന്ന് മറ്റൊരു കേസില്‍ ഹാജരാകേണ്ടതിനാല്‍ തിങ്കളഴ്ചത്തേക്ക് ഹര്‍ജി മാറ്റണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ അഭിഭാഷകനായ വില്‍സ് മാത്യുവിനെ സിദ്ദിഖ് കാപ്പന് ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം യൂണിയന്റെ ഡല്‍ഹി ഘടകം പ്രസിഡന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്നതുപോലെ കേരള പത്രപ്രവര്‍ത്തക യൂണിയനെതിരെ ഒരു വിജിലന്‍സ് അന്വേഷണവും നടക്കുന്നില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.