ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ യെച്ചൂരി തള്ളി.
ഏത് തരത്തിലുള്ള അക്രമവും ഒരു ഉത്തരമല്ല, അത് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തതാണ്. അറുപത് ദിവസത്തിലേറെയായി കൊടുംതണുപ്പില്‍ കര്‍ഷകര്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. ഡല്‍ഹിയിലേക്ക് വരാന്‍ അവര്‍ക്ക് അനുവാദമില്ല. നൂറിലധികം കര്‍ഷകര്‍ ഇതിനോടകം മരിച്ചു.
ഭിന്നാഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങള്‍ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ ട്രോള്‍ ആര്‍മികളും ചേര്‍ന്ന് നിന്ദിക്കുകയാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാര്‍ വരെ വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കോടതിയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. കര്‍ഷകരെ ന്യായമായല്ല നേരിട്ടിട്ടുള്ളതെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
'റിപ്പബ്ലിക് എന്നാല്‍ പൊതുജനമാണ്. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ന്യായമായ ആവശ്യത്തിനാണ് പ്രതിഷേധം. അത് പ്രശ്നമായി അവശേഷിക്കുന്നു, അത് പരിഹരിക്കേണ്ടതുമാണ്. പരിഹാരം വ്യക്തമാണ് - ഈ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക' യെച്ചൂരി പറഞ്ഞു.