കാർഷിക നിയമങ്ങൾക്ക് സുപ്രീംകോടതിയുടെ താത്കാലിക സ്റ്റേ; പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഉത്തരവ്


ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീം കോടതി തത്കാലത്തേക്ക് സ്റ്റേ ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയെന്ന് കോടതി വ്യക്തമാക്കി. കർഷക സമരം അവസാനിപ്പിക്കുന്നതിന് ചർച്ചകൾക്ക് നേതൃത്വം നൽകാനും നിയമത്തെ കുറിച്ച് പഠിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമം താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം കോടതിക്കുണ്ട്. എന്നാല്‍ ഇത് കൊണ്ട് മാത്രം കാര്യമില്ല. ഇത് മനസ്സിലാക്കിയാണ് നിയമം പഠിക്കാന്‍ ഒരു വിദ്ഗദ സമിതിയെ ചുമതലപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

വിദ്ഗദ സമിതി ആരെയും ശിക്ഷിക്കാനല്ലെന്ന് കോടതി വ്യക്തമാക്കി. കാര്യങ്ങള്‍ പഠിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ വെക്കുന്നത്. സമിതി രൂപവത്ക്കരണത്തില്‍ സുതാര്യതയുണ്ടാകും. ഇത് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുക. കര്‍ഷകര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ സമിതിയെ അറിയിക്കാം. വിദ്ഗദ സമിതിയുടെ റിപ്പോര്‍ട്ട് കോടതിക്കാകും നല്‍കുകയെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

വിദ്ഗദ സമിതിയോട് സഹകരിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിദ്ഗദ സമിതി രൂപവത്ക്കരിക്കുന്നതില്‍ തെറ്റില്ലെന്ന് അറ്റോര്‍ണി ജനറലും ചൂണ്ടിക്കാട്ടി.

എന്നാല്‍ നിയമം പിന്‍വലിക്കാതെയുള്ള ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും വിദഗ്ദ സമിതിയെ അംഗീകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. വിദഗ്ദ സമിതിക്ക് മുമ്പാകെ പോകില്ലെന്നും ഇവര്‍ പറഞ്ഞു.
ചര്‍ച്ചക്കായി പ്രധാനമന്ത്രിയോട് ഇടപെടാന്‍ ആവശ്യപ്പെടണമെന്ന് കര്‍ഷക സംഘടനകളുടെ വാദം. എന്നാല്‍ ഇത്തരം ഒരു കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ കോടതിക്ക് ആവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ സ്വന്തം നിലക്ക് ചര്‍ച്ചകള്‍ നടത്താമെന്നും കോടതി നിരീക്ഷിച്ചു.

ദുഷ്യന്ത് ദവെ അടക്കമുള്ള കര്‍ഷകരുടെ നാല് പ്രധാന അഭിഭാഷകരും ഇന്ന് കോടതിയില്‍ ഹാജരായില്ല. ഇതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കര്‍ഷകരുടെ അഭിഭാഷകരില്ലാതെ എങ്ങനെ വിധിക്കുമെന്നും കോടതി ചോദിച്ചു. കോടതി പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവ് ആരുടേയും വിജയമല്ലെന്നും തുല്ല്യ നീതി ഉറപ്പാക്കാനുള്ള നടപടി മാത്രമാണെന്നും സുപ്രീം കോടതി പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക