പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയും, കെപിസിസി അദ്ധ്യക്ഷനായി മുല്ലപ്പള്ളിയും ലോക പരാജയം: രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ്- ടിഎച്ച് മുസ്തഫ


കോഴിക്കോട്: പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ​ലോക പരാജയമെന്ന് വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഒക്കെ ആയ ടിഎച്ച് മുസ്തഫ. സര്‍ക്കാരിനെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ചെന്നിത്തലയ്ക്കും സംഘടനാദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ മുല്ലപ്പള്ളിയ്ക്കും സാധിച്ചില്ലെന്നും രണ്ടുപേരും പാര്‍ട്ടിക്കോ സംഘടനയ്ക്കോ കാര്യമായി ഗുണം ചെയ്തില്ലെന്നുമാണ് വിമര്‍ശനം.

ആട് ഇല കടിക്കുന്നത് പോലെ പുറകേ പുറകേ കുറേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അല്ലാതെ സര്‍ക്കാരിനെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. ഒരു ആ​രോപണത്തിലും അദ്ദേഹം ഉറച്ചും നിന്നില്ല. മുല്ലപ്പള്ളിക്കാകട്ടെ തിരുവനന്തപുരത്തിരുന്ന് പ്രസ്താവനകള്‍ ഇറക്കാന്‍ മാത്രമേ സമയമുണ്ടായിരുന്നുള്ളു അധ്യക്ഷനായതുകൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവും ഉണ്ടായില്ലെന്നും തുറന്നടിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ എംപി യോ മുരളീധരന്‍ ഇല്ലെങ്കില്‍ കെ സുധാകരന്‍ ആകണമെന്നും പറയുന്നു.

അതേസമയം മുല്ലപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്നും പറഞ്ഞു. സംഘടനാ രംഗത്ത് പരാജയമാണെങ്കിലും പാര്‍ലമെന്ററി രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുള്ള ആളാണ് മുല്ലപ്പള്ളി എന്നാണ് അഭിപ്രായം. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിനെ തകര്‍ക്കുകയായിരുന്നു. ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനങ്ങളും സ്ഥാനാര്‍ത്ഥിത്വവും പങ്കുവയ്ക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ദയനീയ അവസ്ഥയില്‍ എത്തിയത്. മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുകയാണ് ഇത് പരിഹരിക്കാനുള്ള പോംവഴി. ഈ തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ തിരികെ എത്താനുള്ള സാഹചര്യങ്ങള്‍ യുഡിഎഫിന് മുന്നിലുണ്ട്. അതിന് ബൂത്ത് തലം മുതല്‍ പുന:സംഘടന ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പ്രാതിനിധ്യവും ലഭിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരും മത്സരിക്കണം. സ്ത്രീകളും മധ്യവയസ്‌കരം പ്രായമായവരും എല്ലാം മത്സര രംഗത്തുണ്ടാകണം എന്നും പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എകെ ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ വേണം. യുഡിഎഫിന് അധികാരം കിട്ടിയാല്‍ ഇവരിലൊരാള്‍ മുഖ്യമന്ത്രിയാകണം എന്നും പറയുന്നു. അഞ്ച് തവണ നിയമസഭാംഗവും ഒരു തവണ മന്ത്രിയും ആയിട്ടുള്ള മുസ്തഫ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക