ന്യൂയോര്‍ക്ക്: ട്രംപിനെതിരായ സമൂഹമാദ്ധ്യമങ്ങളുടെ നടപടി തുടർന്നുകൊണ്ടിരിക്കുന്നു. യൂട്യൂബാണ് ഏറ്റവും ഒടുവില്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ പേരിലുള്ള ചാനൽ യൂട്യൂബ് നിര്‍ത്തലാക്കുകയായിരുന്നു. ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി.
കാപ്പിറ്റോള്‍ ആക്രമണത്തിന് സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രംപ് നടത്തിയ പ്രകോപനം കാരണമായെന്ന കണ്ടെത്തലാണ് നിരോധന നടപടികൾ നടപ്പിലാക്കാൻ മാദ്ധ്യമങ്ങളെ നിര്‍ബന്ധിതരാക്കിയത്. ഇതിനൊപ്പം കാപ്പിറ്റോളിലെ പ്രതിഷേധങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അണികളിലെത്തിച്ചതും പ്രതിഷേധം വ്യാപകമാക്കാന്‍ കാരണമാകുകയായിരുന്നു.
എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മാത്രം യൂട്യൂബ് നടപടി എടുക്കുന്നതില്‍ എന്താണ് പ്രയോജനമെന്നും റിപ്പബ്ലിക്കന്‍ അനുയായികള്‍ ചോദിക്കുന്നു.
നടപടി എടുത്തതോടെ പുതിയ സന്ദേശങ്ങളും വീഡിയോകളും പ്രസംഗങ്ങളുമൊന്നും ട്രംപിന് സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടാനാകില്ല. നിരോധനം ഒരാഴ്ചത്തേക്ക് മാത്രമാണെന്നാണ് യൂട്യൂബ് അധികൃതരുടെ അറിയിപ്പ്.