മൂത്തമകളെ ചികിൽസിക്കാൻ പണമില്ല, 12കാരിയായ ഇളയ മകളെ 10000 രൂപക്ക് വിറ്റ് മാതാപിതാക്കൾ: ഞെട്ടിക്കുന്ന സംഭവം നെല്ലൂരിൽ


നെല്ലൂർ: അസുഖബാധിതയായ മൂത്തമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഇളയമകളെ വിറ്റ് മാതാപിതാക്കൾ. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ദമ്പതികളുടെ മൂത്തമകളായ പതിനാറുകാരിക്ക് ശ്വസന സംബന്ധമായ രോഗമുണ്ടായിരുന്നു. ഇതിനുള്ള ചികിത്സയ്ക്കായാണ് ഇവർ ഇളയമകളായ പന്ത്രണ്ടുകാരിയ വിറ്റത്. അയൽവാസിയായ ചിന്ന സുബ്ബയ്യ എന്ന 46കാരനാണ് ഈ കുട്ടിയെ വില കൊടുത്ത് വാങ്ങിയത്.

പൊലീസ് പറയുന്നതനുസരിച്ച് നേരത്തെ വിവാഹിതനായ സുബ്ബയ്യയുടെ ഭാര്യ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പന്ത്രണ്ടുകാരിയെ വിവാഹം ചെയ്യാൻ താത്പ്പര്യം അറിയിച്ച് കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചത്. ഇതിന് മുമ്പും ഇതേ ആവശ്യം ഉന്നയിച്ച് ഇവരെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂത്തമകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിച്ച ദിവസവേതനക്കാരായ മാതാപിതാക്കള്‍ ഒടുവിൽ ഇയാളുടെ വാഗ്ദാനങ്ങൾക്ക് മുന്നിൽ വഴങ്ങുകയായിരുന്നു. 25000 രൂപയാണ് ഇവർ ആവശ്യപ്പെട്ടതെങ്കിലും വിലപേശലിനൊടുവിൽ 10000 രൂപയാണ് സുബ്ബയ്യ നൽകിയത്.

പണം കൊടുത്ത് കുട്ടിയെ വാങ്ങിയശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്തു. തുടർന്ന് അന്ന് തന്നെ വധുവുമായി തന്‍റെ നാടായ ദംപുരിലേക്ക് മടങ്ങി. രാത്രിയോടെ വീട്ടിൽ നിന്നും ഒച്ചത്തിലുള്ള അലർച്ചയും കരച്ചിലും കേട്ട നാട്ടുകാർ ഗ്രാമമുഖ്യന്‍റെ സഹായത്തോടെ ചൈൽഡ് ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

'വീട്ടിൽ നിന്നും ബഹളം കേട്ട പ്രദേശവാസികൾ എന്താ കാര്യം എന്നറിയാൻ സുബ്ബയ്യയുടെ വീട്ടിലെത്തുകയായിരുന്നു. ഇതിനു ശേഷം ഗ്രാമമുഖ്യനെ വിവരം അറിയിക്കുകയും അദ്ദേഹം ഞങ്ങൾക്ക് വിവരം നൽകുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തി കുട്ടിയെ അവിടെ നിന്നും രക്ഷപ്പെടുത്തി ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു' വനിത-ശിശുക്ഷേമ വകുപ്പ് അധികൃതർ പറയുന്നു.ഇവിടെ കുട്ടിക്ക് കൗൺസിലിംഗ് നടന്നു വരികയാണ്.

സംഭവത്തിൽ സുബ്ബയയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.