കൊല്ലത്ത് വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; 2 പേർ അറസ്റ്റിൽ


കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുത്തതിനെ തുടർന്ന് മോഷ്ടാക്കൾ എഴുപതുകാരനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. രണ്ടു കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കൽ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവസ്ത്രനായി കഴുത്തിലും, ഇരുകാലുകളുടെയും മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ വീടിന്‍റെ മേൽക്കൂരയിൽ കൈലി കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലന്‍റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വർണ്ണമാലയും വീട്ടിൽ ഉണ്ടായിരുന്ന വലിയ ടോർച്ചും കാണാനില്ലെന്ന് അന്നു തന്നെ ഗോപാലന്റെ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശൻ സ്വർണമാല വിൽക്കാൻ കടയ്ക്കലിലെ ഒരു കടയിൽ എത്തിയത്. ഈ മാല മരിച്ച ഗോപാലന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

മദ്യപാനവും ചീട്ടുകളിയും നടത്തിയുണ്ടായ കടം വീട്ടാനാണ് രമേശനും സുഹൃത്ത് ജയനും മോഷണം നടത്താൻ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്‍റെ വീട്ടിലെത്തിയ പ്രതികൾ ഗോപാലൻ വീടിനു പുറത്തു നിൽക്കുന്ന സമയത്ത് അകത്ത് കയറി ഒന്നരപവന്‍റെ സ്വർണ്ണമാല കൈക്കലാക്കി.

ശബ്ദം കേട്ട് ഗോപാലൻ ഓടിയെത്തി തടഞ്ഞതിനെ തുടർന്ന് വീടിന്‍റെ അടുക്കള ഭാഗത്ത് വച്ച് ഇരുവരും ചേർന്ന് തോർത്തുകൊണ്ട് കഴുത്തുഞെരിച്ച് ഗോപാലനെ കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഗോപാലിനെ എടുത്തു വീടിന്‍റെ മേൽക്കൂരയിൽ കെട്ടിത്തൂക്കാൻ ശ്രമം നടത്തിയെങ്കിലും മൃദദേഹത്തിന്റ ഭാരം കാരണം ഇത് സാധിച്ചില്ല. പിന്നീട് ഇരുവരും രക്ഷപ്പെടുകയായിരുന്നു.
രമേശൻ പിടിയിലായ വിവരമറിഞ്ഞ് ഒളിവിൽപോയ ജയനെ ഹൈടെക്ക് സെല്ലിൻറെ സഹായത്തോടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക