തിരുവനന്തപുരത്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പരിസര വാസികളായ യുവാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്, ഭാര്യ ജീവനൊടുക്കിയത് സദാചാര ഗുണ്ടായിസം മൂലമെന്ന് മൊഴി, 4 പേർക്കെതിരെ പൊലീസ് കേസെടുത്തു


തിരുവനന്തപുരം: സദാചാരഗുണ്ടായിസമാണ് തന്റെ ഭാര്യയുടെ ജീവൻ എടുത്തതെന് വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം നെയ്യാറ്റിൻകരക്ക് സമീപം കുന്നത്തുകാലിൽ ആത്മഹത്യ ചെയ്ത അക്ഷരയുടെ ഭർത്താവ് സുരേഷ്. സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായിട്ടാണ് തന്നെ കാണാനെത്തിയ സുഹൃത്തിനെ ഒരു സംഘം മർദിച്ചത്. അവിഹിതബന്ധം ആരോപിച്ച് സംഘം ഭാര്യയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് കുന്നത്തുകാൽ സ്വദേശി അക്ഷര വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സദാചാരഗുണ്ടായിസം ആണ് അക്ഷരയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന വെളിപ്പെടുത്തലുമായി സുരേഷ് രംഗത്ത് വന്നത്. വ്യാഴാഴ്ച രാത്രി തന്നെ കാണാനായി ഒരു സുഹൃത്ത് വീട്ടിലേക്ക് വന്നിരുന്നു. തന്നെ ഫോണിൽ വിളിച്ച സുഹൃത്തിനോട് താൻ വീട്ടിൽ ഇല്ലെന്നും മടങ്ങിയെത്താൻ വൈകും എന്നും അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്ത് മടങ്ങുന്ന വേളയിലാണ് ഒരുസംഘം സദാചാര ഗുണ്ടകൾ സുഹൃത്തിനെ തടഞ്ഞുവെച്ച് മർദ്ദിച്ചത്.

പിന്നീട് അവർ സുഹൃത്തിനെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. അക്ഷരയെ അസഭ്യം പറഞ്ഞു. സുഹൃത്തും അക്ഷരയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആയിരുന്നു സംഘത്തിന്റെ ആക്ഷേപം. തുടർന്ന് കടുത്ത മാനസിക പീഡനമാണ് അക്ഷരയ്ക്ക് സംഘത്തിന്റെ ഭാഗത്തുനിന്ന് നേരിടേണ്ടിവന്നതെന്നും സുരേഷ് പറയുന്നു. ഇതിനെ തുടർന്ന് മാനസിക സംഘർഷത്തിൽ ആയിരുന്ന അക്ഷര ആത്മഹത്യ ചെയ്യുകയായിരുന്നു.

അക്ഷരയും സുഹൃത്തും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന സംഘത്തിന്റെ ആരോപണത്തെയും ഭർത്താവ് സുരേഷ് നിഷേധിച്ചു. അക്ഷരക്കൊപ്പമാണ് സുഹൃത്തിന്റെ ഭാര്യ പഠിച്ചത്. ഇത്തരത്തിലുള്ള പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും സുരേഷ് പറയുന്നു. അതേസമയം അക്ഷരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പോലീസ് നാലു പേർക്കെതിരെ കേസെടുത്തിരുന്നു. സുഹൃത്തിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും അക്ഷരയെ അധിക്ഷേപിക്കുകയും ചെയ്ത നാലു പേർക്കെതിരെയാണ് കേസ്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക