ചെന്നൈ: കാമുകിയെയും അവരുടെ അമ്മയെയും തീവെച്ചുകൊന്ന യുവാവ് തീകൊളുത്തി ജീവനൊടുക്കി. കൊറുക്കുപ്പേട്ട ആനന്ദനായകി നഗറിൽ വെള്ളിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം.
പ്രദേശവാസിയായ രജിത (26), അമ്മ വെങ്കട്ടമ്മ (46), ഭൂപാലൻ (29) എന്നിവരാണ് മരിച്ചത്.
എൻജിനിയറിങ് ബിരുദധാരിയായ ഭൂപാലനും രജിതയും ഏഴുവർഷത്തോളമായി പ്രണയത്തിലായിരുന്നു. അടുത്തിടെ അച്ഛൻ മരിച്ചതിന്റെ ആശ്രിതനിയമനം വഴി രജിതയ്ക്ക് ചെന്നൈ കോർപ്പറേഷനിൽ ജോലി ലഭിച്ചു.
അതിനുശേഷം യുവതി ഭൂപാലനുമായുള്ള പ്രണയബന്ധത്തിൽനിന്ന് പിന്മാറിയത്രേ.
മറ്റൊരാളുമായി യുവതിയുടെ വിവാഹനിശ്ചയവും നടന്നു.
എന്നാൽ ഭൂപാലൻ തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവതിയെ ശല്യംചെയ്യുന്നത് തുടർന്നു.
കഴിഞ്ഞ ദിവസം രാത്രി രജിതയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ യുവതിയുടെയും അമ്മയുടെയും ദേഹത്തും സ്വന്തംശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.