ദോഹ: കോവിഡ് പ്രതിസന്ധിയിൽ വിമാനയാത്ര മുടങ്ങി പോയവർ ടിക്കറ്റ് തുക പൂർണമായും മടക്കി നൽകണമെന്ന സുപ്രീംകോടതി വിധി മറികടന്ന് എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരോട് തുക മടക്കി നൽകാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. സർവീസ് ചാർജ് ഈടാക്കാതെ യാത്രാ തീയതി മാറ്റി നൽകാമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. മാത്രമല്ല, ഇങ്ങനെ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കിൽ ആ തുക യാത്രക്കാർ വഹിക്കണമെന്നും പറയുന്നു.
എയർ ഇന്ത്യയുടെ നിലപാടിനെതിരെ വ്യാപകമായി പരാതി ഉയരുന്നുണ്ട്. ടിക്കറ്റ് മാറ്റി നൽകുന്ന തീയതിയിൽ നിരക്ക് കുറവാണെങ്കിൽ ആ തുക യാത്രക്കാർക്ക് തിരിച്ചുനൽകില്ലെന്നും കമ്പനി പറയുന്നു.
ഇതിനു മറുപടിയായി കമ്പനി പറയുന്നത് തങ്ങളുടെ റീ ഫണ്ട് പോളിസി ഇതാണെന്നും ഇങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ എന്നുമാണ്. ഇന്ത്യയിൽ നിന്ന് ടിക്കറ്റ് എടുത്തവർക്ക് തുക തിരിച്ചുനൽകിയെന്നും പറയുന്നു. ഗൾഫ്രാജ്യങ്ങളിൽനിന്ന് ടിക്കറ്റ് എടുത്തവരാണ് വലയുന്നത്. ഓൺലൈനിൽ ടിക്കറ്റ് എടുത്തവരും ദുരിതത്തിലാണ്.