കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തര്ക്കെതിരേ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് കേസെടുത്തു. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി ഉള്‍പ്പെടെ 26 യു.ഡി.എഫ്. നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന നാന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഘാടകര്‍ക്കും അവിടെ ഒത്തുകൂടിയവര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേയാണ് കേസ്. ശ്രീകണ്ഠാപുരത്തും കേസെടുത്തിട്ടുണ്ട്. ഇതിന് സമാനമായ രീതിയില്‍ എല്ലാ സ്വീകരണം കേന്ദ്രങ്ങളിലെയും സ്റ്റേഷനുകളില്‍ കേസെടുക്കാന്‍ സാധ്യയുണ്ടെന്നാണ് വിവരം.
എന്നാല്‍ ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി പ്രതികരിച്ചത്. രമേശ് ചെന്നിത്തലയുടെ യാത്ര വന്‍ വിജയമായിരുന്നുവെന്നും ഇതില്‍ വിറളിപൂണ്ട സി.പി.എം. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തുകയാണെന്നും യുഡിഎഫ് പ്രതികരിച്ചു.