സെക്രട്ടറിയേറ്റ്‌ സമരം; പി.എസ്‍‍.സി ഉദ്യോഗാർത്ഥികളുമായുള്ള മന്ത്രി എ.കെ ബാലന്റെ നിർണായക ചർച്ച ഇന്ന്


തിരുവനന്തപുരം: പിഎസ്‍‍സി ഉദ്യോഗാർത്ഥികളുമായി മന്ത്രി എ.കെ ബാലൻ ഇന്ന് ചർച്ച നടത്തും. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ത്ഥികളുമായാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. രാവിലെ പതിനൊന്നിന് മന്ത്രി എ.കെ ബാലന്റെ ചേംബറിലാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒരു മന്ത്രി നേരിട്ട് ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തുന്നത്.

നിയമസഭാ തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിനുള്ളിൽ നിന്നു കൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ മന്ത്രി ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

നിയമനം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും ഇന്നത്തെ മന്ത്രിതല ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലയ രാജേഷ് പറഞ്ഞു.

സമരം അവസാനിപ്പിക്കാൻ നേരത്തെ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ മുന്നോട്ട് വെച്ച കാര്യങ്ങൾ മന്ത്രി പരിശോധിക്കും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൽജിഎസ് റാങ്ക്
ഹോൾഡേഴ്സ് നടത്തുന്ന സമരം 33 ദിവസം പിന്നിട്ടിരിക്കുകയാണ്.

ചർച്ച ആവർത്തിക്കുന്നതിലപ്പുറം ഉചിതമായ തീരുമാനമാണ് ഞായറാഴ്ച പ്രതീക്ഷിക്കുന്നതെന്ന് എൽജിഎസ് ഉദ്യോഗാർത്ഥി ലയ രാജേഷ് പ്രതികരിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിൽ ആശങ്കയില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നും എൽജിഎസ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

ചർച്ചയിൽ പ്രതീക്ഷയെന്ന് സി പി ഒ ഉദ്യോഗാർത്ഥികളും പറഞ്ഞു. കഴിഞ്ഞതവണ നടന്ന ചർച്ചയിൽ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ നടക്കുന്ന മന്ത്രിതല ചർച്ചയിലും വൈരുദ്ധ്യം ചൂണ്ടിക്കാട്ടും. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാർത്ഥികൾ.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. മെയ് 3 ന് സമരം പുനരാരംഭിക്കാനാണ് തീരുമാനം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.