 |
ഫോട്ടോ കടപ്പാട്/ മനോരമ |
പാലക്കാട്: സന്ദർശകനെന്ന വ്യാജേനയെത്തി ചെരുപ്പിനുള്ളിൽ കഞ്ചാവും സിഗരറ്റും ഒളിപ്പിച്ചു ജില്ലാ ജയിലിലെ തടവുകാരനു കൈമാറിയ സന്ദർശകൻ പിടിയിൽ. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി കല്ലൂക്കാരൻ എ.സമീർ(34)നെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവു കടത്തിയ കേസിൽ മലമ്പുഴയിലെ ജില്ലാ ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സമീർ എത്തിയത്. സംശയം തോന്നിയ ജയിൽ ഉദ്യോഗസ്ഥർ ചെരുപ്പു മുറിച്ചു പരിശോധിച്ചപ്പോഴാണു 600 ഗ്രാം കഞ്ചാവും, 40 സിഗരറ്റുകളും കണ്ടെത്തിയത്.
തടവുകാരെ കാണാനെത്തുമ്പോൾ സന്ദർശകരുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി ജയിൽ ഉദ്യോഗസ്ഥർക്കു നൽകേണ്ടതുണ്ട്. ഇതു പരിശോധിച്ചാണു മലമ്പുഴ ഇൻസ്പെക്ടർ ബി.കെ.സുനിൽകൃഷ്ണയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ നിന്നു സമീറിനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഞ്ചാവു കടത്തിയ കേസിൽ സമീറിനെതിരെ പൊന്നാനി സ്റ്റേഷനിൽ കേസുകളുണ്ടെന്നു പൊലീസ് പറയുന്നു.