'തിരുവനന്തപുരം മേയർ വികസന സെമിനാറിൽ പങ്കെടുത്തില്ലെന്ന ആരോപണവുമായി ബി.ജെ.പി: രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നുണപ്രചരണമെന്ന് തുറന്നടിച്ച് ആര്യാ രാജേന്ദ്രൻ


തിരുവനന്തപുരം: വികസന സെമിനാറിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ ബി.ജെ.പി. വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്തെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തിൽ വിവി രാജേഷിന്റെ നേതൃത്വത്തിൽബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു.
സെമിനാറിൽ പങ്കെടുക്കാൻ ഡെപ്യൂട്ടി മേയർ എത്തിയെങ്കിലും ഉടനെ മടങ്ങിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. എന്നാൽ വികസന സെമിനാറല്ല നടന്നതെന്നാണ് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കുന്നത്.

എന്നാൽ ബിജെപിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ രംഗത്ത് എത്തി. വർക്കിംഗ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത്. വികസന സെമിനാർ നടത്തിയെന്നും അതിൽ മേയർ പങ്കെടുത്തില്ല എന്നുമുള്ള വാർത്തകൾ ആണ് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നുണപ്രചരണം മാത്രമാണിതെന്നും മേയർ വ്യക്തമാക്കി.


ആര്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങിനെ:

നഗരസഭയ്ക്കെതിരെയും മേയർക്കെതിരെയും നടക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നുണപ്രചരണം. എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ?

6.02.2021ന് സംഘടിപ്പിച്ച വർക്കിംഗ് ഗ്രൂപ്പിൻ്റെ ജനറൽ ബോഡി യോഗത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.

വികസന സെമിനാർ നടത്തി എന്നും അതിൽ മേയർ പങ്കെടുത്തില്ല എന്നുമുള്ള വാർത്തകൾ ആണ് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. 06.02.2021ന് നടന്നത് വികസന സെമിനാർ അല്ല എന്നത് ഇത് പ്രചരിപ്പിക്കുന്നവർക്ക് അറിയാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല , മറിച്ച് നുണ പ്രചരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ഗൂഢോദ്ദേശ്യം മാത്രമാണെന്ന് വ്യക്തം. ചുവടെ നല്കിയിട്ടുള്ളതാണ് 06.02.2021ന് നടന്ന യോഗത്തിന്റെ അറിയിപ്പ്. അതിൽ എവിടെയെങ്കിലും വികസന സെമിനാർ എന്ന് പറഞ്ഞിട്ടുണ്ടോ? വർക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗമാണ് അന്നേദിവസം നടന്നത്. അതാകട്ടെ വികസന സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നടക്കുക. മേയറുടെ അഭാവത്തിൽ ഡെപ്യൂട്ടി മേയർ പങ്കെടുക്കുമായിരുന്ന യോഗമാണത്, എന്നാൽ അന്നേദിവസം ഡെപ്യൂട്ടി മേയർക്ക് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എങ്കിൽ പോലും യോഗനടപടികൾ തീരുമാനിച്ച പ്രകാരം നടക്കുകയും ചെയ്തിരുന്നു. അതെല്ലാം തന്നെ ബന്ധപ്പെട്ടവരുമായി പിന്നീട് ചോദിച്ച് മനസ്സിലാക്കുകയും തുടർനടപടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

സംഘടന പരിപാടിക്കും KILA സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ്സിലും പങ്കെടുക്കുന്നതിനുമായി എനിയ്ക്ക് മാറി നിൽക്കേണ്ടി വന്നു. എന്നാൽ പ്രസ്തുത യോഗം കൃത്യമായി നടക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും വിലയിരുത്തിയ ശേഷമാണ് ഞാൻ പോയത്. സർക്കാർ നിർദ്ദേശം അനുസരിച്ച് കൊണ്ട് തയ്യാറാക്കിയ കലണ്ടർ കഴിഞ്ഞ കൗൺസിൽ അംഗീകരിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ 6ന് വർക്കിംഗ് ഗ്രൂപ്പിൻ്റെ ജനറൽ ബോഡി വിളിക്കുകയും ചെയ്തത്.

രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് മാത്രമല്ല യോഗത്തിൻ്റെ അറിയിപ്പ് കൈപ്പറ്റിയ ബഹു.കൗൺസിലർമാരിൽ ചിലർ സത്യം മറച്ച് വച്ച് പ്രതിഷേധിക്കുകയും ചെയ്യുന്നതിലുള്ള ഗൂഢോദ്ദേശ്യം പൊതുസമൂഹം തിരിച്ചറിയണം. വികസന സെമിനാർ വിപുലമായി നടത്താൻ തന്നെയാണ് നഗരസഭയുടെ തീരുമാനം.എന്നാൽ വികസന സെമിനാറിന് മുന്നോടിയായി നടക്കേണ്ട യോഗങ്ങൾ വിജയിപ്പിക്കുക എന്നത് ഭരണസമിതിയുടെ പൊതു ആവശ്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, അതേയവസരത്തിൽ അത് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ആകുന്നതും വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് വേണ്ടി ആകുന്നതും ഒട്ടും ജനാധിപത്യപരമല്ല, വെറും രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രമാണ്.


Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.