കാൻബെറ: ഓസ്ട്രേലിയൻ പാർലമെന്റ് മന്ദിരത്തിൽവെച്ച് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതോടൊപ്പം ജോലിസ്ഥലത്തെ പരാതികളെക്കുറിച്ച് പരിശോധിക്കാൻ ക്യാബിനറ്റ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
2019 മാർച്ചിൽ പാർലമെന്റിലെ പ്രതിരോധ മന്ത്രിയുടെ ഓഫീസിൽവെച്ച് ബലാത്സംഗത്തിനിരയായെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ലിബറൽ പാർട്ടിയിലെ ഒരാൾ തന്നെയാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും ഇക്കാര്യം 2019 ഏപ്രിൽ മാസത്തിൽ പോലീസിനോട് പറഞ്ഞതായും യുവതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഔദ്യോഗിക ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതി രേഖാമൂലം പരാതി നൽകാൻ യുവതി കൂട്ടാക്കിയില്ല. ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ബലാത്സംഗത്തെക്കുറിച്ച് യുവതി തന്നോട് പരാതിപ്പെട്ടിരുന്നതായി പ്രതിരോധ മന്ത്രി ലിൻഡ റെയ്നോൾഡ്സും വ്യക്തമാക്കി. അതേസമയം, ഔദ്യോഗികമായി പരാതി നൽകാതിരിക്കാൻ താൻ സമ്മർദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു.
ലിബറൽ പാർട്ടി അംഗവും പാർലമെന്റിലെ മാധ്യമവിഭാഗം ജീവനക്കാരിയുമായിരുന്ന 24-കാരിയാണ് കഴിഞ്ഞദിവസം ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്. ജോലിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് പാർട്ടിയിൽനിന്നും പാർലമെന്റിൽവെച്ചും തനിക്ക് നേരിട്ട അതിക്രമങ്ങൾ യുവതി വെളിപ്പെടുത്തിയത്.