അമിത്ഷായുടെ ലക്ഷ്യം അയൽ രാജ്യങ്ങളിലും ബിജെപി സര്‍ക്കാരുണ്ടാക്കൽ: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്‌


ഗുവാഹാത്തി: ഇന്ത്യയിലുടനീളം മാത്രമല്ല അയൽരാജ്യങ്ങളിലും അധികാരപരിധി വ്യാപിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേർത്തു. അഗർത്തലയിൽ നടന്ന പാർട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബിന്റെ അവകാശവാദം.

2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചർച്ചകൾക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയൽരാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ അധികാരപരിധി വർധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു.

ത്രിപുര ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിച്ചതായി പാർട്ടിയുടെ വടക്കുകിഴക്കൻ മേഖലാ സെക്രട്ടറി അജയ് ജാംവാൽ പരാമർശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക് കൂടി പാർട്ടിയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി അധികാരമുറപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞതായി ബിപ്ലബ് പറഞ്ഞു.

പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമുൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് പ്രസ്താവിച്ച ബിപ്ലബ് ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി വളർത്തിയെടുത്ത അമിത് ഷായുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു. ഇടത്-വലത് ചായ് വ് മാറി മാറി പ്രകടിപ്പിക്കുന്ന കേരളത്തിലെ സ്ഥിതിയിൽ അടുത്തു തന്നെ മാറ്റമുണ്ടാകുമെന്നും ബിജെപി അധികാരത്തിൽ വരുമെന്നും ബിപ്ലബ് കൂട്ടിച്ചേർത്തു.

ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിനും വൻതോതിലുള്ള പരിഹാസത്തിനും വഴിതെളിയിച്ചു. മഹാഭാരതകാലത്ത് തന്നെ ഇന്റർനെറ്റ് സൗകര്യം നിലനിന്നിരുന്നതായി മുമ്പൊരിക്കൽ പ്രസ്താവിച്ച് ബിപ്ലബ് പരിഹാസ്യനായിത്തീർന്നിരുന്നു. അമേരിക്കയും യൂറോപ്പുമൊക്കെ തങ്ങളുടെ കണ്ടുപിടിത്തമാണെന്ന് വാദിക്കുമെങ്കിലും ഇന്ത്യയിൽ ചരിത്രാതീതകാലത്ത് തന്നെ ഇന്റർനെറ്റ് നിലവിലുണ്ടായിരുന്നുവെന്നായിരുന്നു 2018 ൽ ബിപ്ലബിന്റെ പ്രസ്താവന.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.