മാസ്‌ക് ധരിക്കാതെ കടയിലെത്തിയതിനെ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് ഷോപ്പ് ജീവനക്കാരെ ബിജെപി കൗൺസിലറും സംഘവും ചേർന്ന് മർദിച്ചു


തിരുവനന്തപുരം:
മാസ്കും സാനിറ്റൈസറും ഉപയോഗിക്കാതെ കടയില്‍ കയറിയത് ചോദ്യം ചെയ്തതിന് ബാറ്റാ ഷോറൂം ജീവനക്കാരെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മർദിച്ചതെന്ന് പരാതി. അഞ്ച് പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ ബാറ്റാ ഷോറൂം മാനേജർ വിഷ്ണു പറഞ്ഞു‍. എന്നാല്‍ കടയിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും താന്‍ മർദിച്ചിട്ടില്ലെന്നുമാണ് കൗണ്‍സിലര്‍ ഉദയന്‍റെ വിശദീകരണം.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ശ്രീകാര്യം ബാറ്റാ ഷോറൂമിലെ ജീവനക്കാരും ബിജെപി കൗണ്‍സിലർ ഉദയനും തമ്മില്‍ തർക്കമുണ്ടായത്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങുന്ന സംഘം ജീവനക്കാരെ മര്‍ദിക്കുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഷോറൂം മാനേജരുടെ പരാതിയില്‍ കൗണ്‍സിലര്‍ ഉള്‍പ്പടെ 7 പേര്‍ക്കെതിരെയും കൗണ്‍സിലറുടെ പരാതിയില്‍ കടയിലെ ഒരു ജീവനക്കാരനെതിരെയും ശ്രീകാര്യം പൊലീസ് കേസെടുത്തു. മാസ്കും സാനിറ്റൈസറും ഉപയോഗിക്കാതെ കടയില്‍ പ്രവേശിച്ചത് ചോദ്യം ചെയ്തതിന് കൗണ്‍സിലറുമായി തര്‍ക്കമുണ്ടാക്കുകയായിരുന്നെന്ന് ഷോറൂം മാനേജര്‍ വിഷ്ണു പറഞ്ഞു. പിന്നാലെ കൂടുതല്‍ പേര്‍ കടയിലെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.

അതേസമയം കൗണ്‍സിലര്‍ ഉദയന്‍ ആരോപണം നിഷേധിച്ചു. ജനപ്രതിനിധി ആണെന്ന് പറഞ്ഞിട്ടും തന്നെ കടയ്ക്കുള്ളിൽ തള്ളിയിട്ട് മർദിച്ചെന്നാണ് കൗണ്‍സിലർ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.