കേരളത്തിൽ പൗരത്വ ഭേദഗതിനിയമം നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെ: നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കാസർകോട്: പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നുതന്നെയാണ് അര്‍ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കോവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപിയുടെ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി തന്നെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. തങ്ങള്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. കേരളത്തില്‍ ഇതിനെ അനുകൂലിക്കില്ല. അതിന്റെ കൂടെ നില്‍ക്കുകയുമില്ല. നടപ്പാക്കുകയുമില്ല' മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എങ്ങനെ നടപ്പാക്കാതിരിക്കാനാകുമെന്ന് ചിലര്‍ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്. ഇപ്പോള്‍ നടപ്പാക്കിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയത നാടിന് ആപത്താണ്. വര്‍ഗീയതയെ പൂര്‍ണമായും തൂത്തുമാറ്റണം.

ഏറ്റവും കടുത്ത വര്‍ഗീയത ആര്‍എസ്എസാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുള്ള ചിലര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. അതിലൂടെ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ് അതിന് കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആര്‍എസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നത്. രണ്ടും വര്‍ഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എല്‍ഡിഎഫിന് എതിരാകുന്നത് തങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരെ ആയതുകൊണ്ടാണ്.

ബിജെപി ഒരുക്കുന്ന കാര്യങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ എന്തൊരു താത്പര്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ന് ഓര്‍ക്കണം. ഒരു എംഎല്‍എ സംഭാവനയുമായി അങ്ങോട്ടു ചെന്നു. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.