കേരളത്തിൽ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന്- ഇ. ശ്രീധരൻ


തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താൻ തയ്യാറാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. കേരളത്തില്‍ പ്രളയമുണ്ടായതിന്റെ കാരണം പോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതൊരു മനുഷ്യനിര്‍മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ പുനരധിവാസം സര്‍ക്കാറിന്റെ നേട്ടമായി പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

"കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത്‌ ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്." - ശ്രീധരന്‍ പറഞ്ഞു.

അനുമതി ലഭിച്ച പല റെയില്‍വേ പ്രോജക്റ്റും എല്‍ഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലമ്പൂര്‍ നഞ്ചംകോട് ലൈന്‍, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ ഇതൊന്നും വേണ്ട അവര്‍ക്ക്. ശരിക്കും സംസ്ഥാനത്തിന് ആവശ്യമായ പ്രോജക്റ്റുകള്‍ എടുക്കുന്നില്ല. പകരം, അവര്‍ക്ക് സൗകര്യം പോലെ, പേര് വര്‍ദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

ചെയ്യുന്ന കര്‍മം നാടിന് ഉപകാരപ്പെടണം എന്നതാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കില്‍ പലാരിവട്ടം പാലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാലാരിവട്ടം ഞങ്ങള്‍ എടുത്തില്ലെങ്കില്‍ അത് കഴിയാന്‍ ഒരു 18 മാസമെടുക്കും. അതുവരെ നാട്ടുകാര്‍ക്ക് വലിയ ഉപദ്രവമായിരിക്കും. തങ്ങള്‍ അഞ്ചര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.