അറസ്റ്റിലായ കർഷകർ ജയിലില്‍ നേരിടുന്നത് അതി ക്രൂര പീഡനം; ഞെട്ടിക്കുന്ന പീഡനങ്ങളുടെ നേരനുഭവം വെളിപ്പെടുത്തി ജയിൽ മോചിതനായ മാധ്യമ പ്രവർത്തകൻ


ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭം റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ അഴിക്കുള്ളിലായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ്‌ പുനിയ തടവറയില്‍നിന്നിറങ്ങിയത്‌ കൊടിയ പീഡനങ്ങളുടെ കഥ നെഞ്ചിലേറ്റി. സഹതടവുകാരായ കര്‍ഷകര്‍ നേരിട്ട പോലീസ്‌ പീഡനങ്ങള്‍ അവരില്‍നിന്നു കേട്ടറിഞ്ഞ പുനിയ അതെല്ലാം സ്വന്തം ദേഹത്ത്‌ കുറിച്ചിട്ടാണ്‌ ജയിലിനു പുറത്തേക്കു നടന്നത്‌.

കാരവന്‍ മാസികയ്‌ക്കും മറ്റും ലേഖനങ്ങള്‍ നല്‍കിവന്ന പുനിയയെ ഞായറാഴ്‌ചയാണ്‌ റിപ്പോര്‍ട്ടിങ്ങിനിടെ അറസ്‌റ്റ്‌ ചെയ്‌തത്‌. സിംഘുവില്‍ കര്‍ഷകരുടെ ക്യാമ്പിന്‌ അടുത്തുനില്‍ക്കുകയായിരുന്നു പുനിയ. അതുവഴിവന്ന ഇതരസംസ്‌ഥാന തൊഴിലാളികളെ പോലീസ്‌ ചീത്ത വിളിക്കുന്നത്‌ വിഡിയോയില്‍ പകര്‍ത്തുമ്പോഴാണ്‌ നാല്‍പ്പത്തിമൂന്നുകാരനായ പുനിയയെ പിടികൂടിയത്‌.

ആദ്യം പിടികൂടിയത്‌ തൊട്ടടുത്തുനിന്ന മാധ്യമപ്രവര്‍ത്തകന്‍ ധര്‍മേന്ദ്രയെ. എതിര്‍ത്തപ്പോള്‍, അയാളാണു പുനിയ എന്നു പറഞ്ഞു പോലീസ്‌ തന്നെയും പിടികൂടി. കാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു തകര്‍ത്തു. തിരിച്ചറിയല്‍ കാര്‍ഡ്‌ വലിച്ചെറിഞ്ഞു. താല്‍ക്കാലിക ടെന്റില്‍ എത്തിച്ചു പൊതിരെ തല്ലി. മൂന്ന്‌ നാല്‌ പോലീസ്‌ സ്‌റ്റേഷനുകളിലെത്തിച്ചു വട്ടം കറക്കിയശേഷം ഒടുവില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി. ജീവനക്കാരനെ മര്‍ദിച്ച കേസാണെന്നു പറഞ്ഞു സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും പരിശോധിച്ച ഡോക്‌ടര്‍ വഴങ്ങിയില്ല.

ജയിലില്‍ എത്തുമ്പോള്‍ അവിടെയും കര്‍ഷകപ്പട. പലരുടെയും ദേഹം ചതച്ചരച്ചിരുന്നു. നീലിച്ച മുറിപ്പാടുകള്‍. അധികാരക്കൊഴുപ്പിന്റെ കൈയൂക്ക്‌. അധികാരത്തിലുള്ളവര്‍ ഈ കൊടിയ പീഡനങ്ങളൊക്കെ നടത്തുന്നത്‌ സത്യം ഒരിക്കലും പുറത്തുവരാതിരിക്കാനാണെന്നും പുനിയ. അതുകൊണ്ടാണ്‌ ഒരു പേന സംഘടിപ്പിച്ച്‌ അവര്‍ പറഞ്ഞതൊക്കെ പേരുവിവരങ്ങളടക്കം സ്വന്തം ദേഹത്തു കുറിച്ചിട്ടത്‌. ആ കഥ തുറന്നെഴുതും. വീണ്ടും കര്‍ഷക പ്രതിഷേധം അരങ്ങേറുന്നിടത്തു താന്‍ എത്തുമെന്നും പുനിയ വ്യക്‌താക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.