കർഷക പ്രക്ഷോഭം തൊണ്ണൂറ്റിയൊന്നാം ദിവസത്തിലേക്ക്, വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയും: മുന്നറിയിപ്പുമായി കര്‍ഷക സംഘടനകൾ


ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഏത് നിമിഷവും ഡല്‍ഹി മാര്‍ച്ചിന് തയാറായി ഇരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തിരയുന്ന ലഖാ സിദ്ദാന പഞ്ചാബിലെ ബത്തിന്‍ഡയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തതില്‍ വിവാദം തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിയൊന്നാം ദിവസത്തിലേക്ക് കടന്നു.

കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്താണ് മുന്നറിയിപ്പ് നല്‍കിയത്. തിയതി സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കും. ഇന്ത്യ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുത് വിത്തിറക്കുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജസ്ഥാനിലെ സികറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ഷക നേതാവ്. അതേസമയം, പ്രക്ഷോഭ കേന്ദ്രങ്ങള്‍ വേനല്‍ക്കാലത്തിനായി തയാറെടുത്ത് തുടങ്ങി. ചെറിയ കുടിവെള്ള പ്ലാന്റുകള്‍ അടക്കം സൗകര്യങ്ങളാണ് സ്ഥാപിക്കുന്നത്.

ഇതിനിടെ, ഭഗത് സിംഗിന്റെ ബന്ധുക്കള്‍ സിംഗുവിലെ സമരകേന്ദ്രം സന്ദര്‍ശിച്ചു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മാര്‍ച്ച് 23 മുതല്‍ മരണം വരെ നിരാഹാരം തുടങ്ങുമെന്ന് അറിയിച്ചു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു കര്‍ഷകന്‍ കൂടി മരിച്ചതോടെ ആകെ മരണം 250 ആയെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.