ഗോഡ്‌സെയുടെ സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ കോണ്ഗ്രസ് വിട്ട മുൻ കോണ്ഗ്രസ് നേതാവ് തിരിച്ചു കോണ്‍ഗ്രസിലേക്ക് മടങ്ങി


ഭോപ്പാൽ: നാഥുറാം ഗോഡ്സെയുടെ സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത മധ്യപ്രദേശിലെ രാഷ്ട്രീയ നേതാവ് ബാബുലാൽ ചൗരസ്യ കോൺഗ്രസിൽ ചേർന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുൻ കോർപറേറ്ററായ ബാബുലാൽ കോൺഗ്രസിൽ ചേർന്നത്.

മുൻ മുഖ്യമന്ത്രി കമൽനാഥ് ബാബുലാലിനെ സ്വാഗതം ചെയ്യുന്ന ചിത്രങ്ങൾ മധ്യപ്രദേശ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേ കോൺഗ്രസ് വിട്ട നേതാവാണ് ബാബുലാൽ. ഇദ്ദേഹം പിന്നീട് ഹിന്ദുമഹാസഭാ അംഗമെന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നതാണ്.

പിതാവിനെ വധിച്ചവർക്ക് രാഹുൽ ഗാന്ധി മാപ്പുനൽകിയത് ചൂണ്ടിക്കാട്ടിയാണ് ബാബുലാലിനെ തിരിച്ചെടുത്ത നടപടിയെ ഒരു കോൺഗ്രസ് നേതാവ് ന്യായീകരിച്ചത്. ‘ഞങ്ങളുടെ പാർട്ടി നേതാവ് അദ്ദേഹത്തിന്റെ പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചു. അവർ വളരെ വിശാലമായ മനസ്സിന് ഉടമകളാണ്. അവരുടെ മൂല്യങ്ങൾ കാരണമാണ് ഗോഡ്സെയെ ആരാധിക്കുന്ന ഒരാൾ മഹാത്മാഗാന്ധിയെ ആരാധിക്കാൻ തുടങ്ങിയത് .’ ഗ്വാളിയോറിൽ നിന്നുളള കോൺഗ്രസ് എംഎൽഎ പ്രവീൺ പഥക് പറഞ്ഞു.

അതെ സമയം ഇത് കുടുംബത്തിലേക്കുളള തിരിച്ചുവരവാണന്നാണ് മടങ്ങിവരവിനെ കുറിച്ച് ബാബുലാൽ ചൗരസ്യ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത് . വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗ്വാളിയോർ-ചമ്പൽ പ്രദേശങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമം .

ബാബുലാലിനെ കോൺഗ്രസ് ഇരുകൈയും നീട്ടി സ്വീകരിച്ചതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ‘ഒരുമാസം മുമ്പ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് മഹാത്മാഗാന്ധിയുടെ പക്ഷത്താണോ, ഗോഡ്സെയുടെ പക്ഷത്താണോയെന്ന് കമൽ നാഥ് ചോദിച്ചിരുന്നു. ഇപ്പോൾ കമൽ നാഥ് സ്വയം ഇതിന് ഉത്തരം നൽകണം.’ ബിജെപി വക്താവ് രാഹുൽ കോത്താരി പ്രതികരിച്ചു .

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.