'ആ ലേഖനം ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാൻ അല്ലായിരുന്നു; താൻ തെറ്റിദ്ധരിക്കപ്പെട്ടു': ഹാഗിയ സോഫിയ വിവാദത്തിൽ പ്രതികരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ


മലപ്പുറം: ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും ജില്ല പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാൻ ആയിരുന്നില്ല ലേഖനം. ക്രൈസ്തവരോട് എന്നും ആദരവും സ്നേഹവും പാണക്കാട് കുടുംബത്തിനുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

സത്യത്തിൽ അങ്ങനെയൊരു വേദന ഉണ്ടായി എന്നുള്ളതിൽ തനിക്ക് വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം ഒരു ഉദ്ദേശം വച്ചല്ല ആ ലേഖനം എഴുതിയത്. ആ ലേഖനം എഴുതിയത് ഒരു വെള്ളിയാഴ്ച ആയിരുന്നെന്നും ആ വെള്ളിയാഴ്ചയാണ് തുർക്കിയിൽ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റി കൊണ്ടുള്ള ഉത്തരവ് വന്നതെന്നും താൻ അതിനെക്കുറിച്ച് ലേഖനത്തിൽ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അതിനെ ന്യായീകരിക്കുകയോ ക്രൈസ്തവ സമൂഹത്തെ ഇകഴ്ത്തുകയോ ഒന്നും ചെയ്തിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സംഭവങ്ങൾ വിവരിക്കുക മാത്രമാണ് ചെയ്തത്. താൻ ഹാഗിയ സോഫിയയിൽ പോയിട്ടുണ്ട്. ക്രൈസ്തവ ചിഹ്നങ്ങൾ ഹാഗിയ സോഫിയയിൽ ഒരു കേടുപാടും വരുത്താതെ സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് വീണ്ടും ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കുന്നു എന്ന വാർത്ത വന്നപ്പോൾ അതൊന്ന് ജനങ്ങളെ അറിയിക്കാം എന്ന നിലയിലാണ് അത് എഴുതിയത്. അല്ലാതെ അതിനെ ന്യായീകരിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ആ സംഭവം പറയുക മാത്രമാണ് ഉണ്ടായതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആണ് അത് വിവാദമായതെന്നും എന്നാൽ, പൊതു ക്രൈസ്തവ സമൂഹത്തിന് താൻ പറഞ്ഞത് എന്താണെന്ന് മനസിലാകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

അച്ഛനെന്ന് കരുതി അപരിചിതനെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു; അബദ്ധം മനസിലാകാൻ ആറു മാസം
തങ്ങളൊരിക്കലും ക്രൈസ്തവ സമൂഹത്തിന് എതിരല്ലെന്നും മലപ്പുറം ടൗണിൽ ക്രിസ്ത്യൻ പള്ളി പണിയുന്നതിനുള്ള തടസം പരിഹരിച്ചത് തന്റെ പിതാവാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിന് എതിരായിട്ട് ഒരിക്കലും ശബ്ദിച്ചിട്ടില്ലെന്നും ഇനി ശബ്ദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുളളവരുടെ വിശ്വാസവും വക വച്ചു കൊടുക്കണമെന്നാണ് ഖുർ ആൻ തങ്ങളെ പഠിപ്പിക്കുന്നതെന്നും അതിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും പരിഹരിക്കാനും യു ഡി എഫ് പ്രതിജ്ഞാബദ്ധമെന്നും സാദിഖലി പറഞ്ഞു.

സന്ദേശ യാത്ര ആരംഭിക്കാൻ പോകുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് ഈ യാത്രയെ മാറ്റുവാൻ കഴിയുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അനുഗ്രഹമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ പ്രശ്നങ്ങളിൽ നിന്ന് യു ഡി എഫ് മുന്നോട്ടു പോയിട്ടുണ്ട്. ഐശ്വര്യ കേരള യാത്രയ്ക്ക് ശേഷം ഒരു വലിയ മാറ്റം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറേ യാത്രകൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും എന്നാൽ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ഉണ്ടായ ജനബാഹുല്യം മറ്റ് യാത്രകളിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിലേക്ക് എത്താവുന്ന കേവലഭൂരിപക്ഷത്തിലേക്ക് എത്താവുന്ന സ്ഥിയിലേക്ക് യു ഡി എഫ് എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവേ യു ഡി എഫിലെ പ്രശ്നമെന്ന് പറയുന്നത് യു ഡി എഫിലെ ഐക്യമില്ലായ്മ ആണെന്നും ഇത്തവണ അതിൽ നിന്നെല്ലാം വളരെ മാറ്റമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള ഐക്യം യു ഡി എഫിൽ പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ ഘടക കക്ഷികൾക്ക് ഇടയിലും കോൺഗ്രസിലും എന്തു വില കൊടുത്തും ഭരണം തിരിച്ചു പിടിക്കണമെന്ന ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മധ്യകേരളത്തിലെ ക്രൈസ്തവ സമൂഹവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ അനുകൂല ഘടകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സമൂഹങ്ങൾക്ക് അർഹതപ്പെട്ടത്, അത് ക്രൈസ്തവർക്ക് ആകട്ടെ മുസ്ലിങ്ങൾക്ക് ആകട്ടെ, നൽകണമെന്നാണ് യു ഡി എഫിന്റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.