റിയാദ്: പ്രവാസം അവസാനിപ്പിച്ച് അടുത്തമാസം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം അയത്തിൽ സ്വദേശി കാട്ടുംപുറത്ത് മുഹമ്മദ് അശ്റഫ് (55) ആണ് മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മക്ക ബത്ഹ ഖുറൈശിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആദ്യം മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. ഭാര്യ: സഫിയത്ത്. മക്കൾ: സെയ്താലി, ഷഹാർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ്പൂക്കോട്ടൂർ അറിയിച്ചു.