പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകൾ മൂന്നു മാസത്തിനുളളിൽ മാറ്റണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ പൊതുനിരത്തുകളിലും ഹൈവേകളിലുമടക്കം സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് കോടതി. റോഡുകളിലും നടപ്പാതകളിലുമൊക്കെ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ആർച്ചുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവയെല്ലാം എത്രയും വേഗം തന്നെ നീക്കം ചെയ്യണമെന്നാണ് നിർദേശം. മൂന്ന് മാസത്തിനകം ഇത് നടപ്പിലാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റേതാണ് വിധി.

അനധികൃത ബോർഡുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ദേശീയപാത അതോറിട്ടിയും തദ്ദേശഭരണസ്ഥാപനങ്ങളും സ്വീകരിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. പൊതുനിരത്തുകളിലെ അനധികൃത ബോർഡുകളും ആർച്ചുകളുമൊക്കെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ ചാലക്കുടി സ്വദേശി ഡോ. ജോണി കുളങ്ങര, ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി, നോർത്ത് പറവൂർ സ്വദേശി അംജദ് അലി, കൊച്ചി സ്വദേശി സിറിൽറോയ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ കണ്ടെത്തി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാനുള്ള ചുമതല റോഡ് സുരക്ഷ അതോറിറ്റിക്കാണ്. ഇതിന് പുറമെ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും മറ്റുമായി പാതയോരത്തെ മരങ്ങളിൽ തറച്ച ആണികൾ നീക്കം ചെയ്യണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മരങ്ങൾക്കും ജീവനുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ഇത്തരമൊരു നിർദേശം.

ഉത്തരവിലെ സുപ്രധാന നിർദേശങ്ങൾ:

റോഡുകളിലോ നടപ്പാതകളിലോ ബോർഡുകൾ വയ്ക്കുന്നതിനായി തൂണുകളും ഫ്രെയിമുകളും സ്ഥാപിക്കരുത്.

പാതയോരത്തെ മരങ്ങളിലും വൈദ്യുതി പോസ്റ്റുകളിലുമുള്ള അനധികൃത കേബിളുകൾ നീക്കംചെയ്യണം.

കളക്ടർമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയെടുക്കണം

ബോർഡുകൾ മരങ്ങളിലുറപ്പിക്കാൻ സ്ഥാപിച്ച ആണികൾ നീക്കംചെയ്യാൻ ഫീൽഡ് ഓഫീസർമാർക്ക് നിർദേശം നൽകണം. ഇതിനുള്ള ഉത്തരവാദിത്തം പൊതുമരാമത്ത്- തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കാണ്.

ദേശീയപാതയിലെ അനധികൃതബോർഡുകൾ നീക്കുന്നതിന് എക്സിക്യുട്ടീവ് എൻജിനീയർ നടപടിയെടുക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇതിനു സഹായിക്കണം

അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാമാസവും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.