ഹോപ് പ്രോബ് ചൊവ്വായെ തൊട്ടു; യുഎഇക്കും അറബ് ലോകത്തിനും ഇത് അഭിമാന മുഹൂര്‍ത്തം


ദുബായ്: അറബ് നാടുകളുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ ചേർത്ത് യു എ ഇ. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യു എ ഇ.
ഹോപ് പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ എത്രയും പെട്ടെന്നു തന്നെ ആരംഭിക്കുമെന്ന് യു എ ഇ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്. ഏഴുമാസത്തെ യാത്രയ്ക്ക് ശേഷമായിരുന്നു ഹോപ് പ്രോബ് ലക്ഷ്യം കണ്ടത്.

ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ഹോപ് പ്രോബ് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. ചൊവ്വയിലെ ഒരു വർഷം കൊണ്ട് അതായത് ഏകദേശം ഭൂമിയിലെ 687 ദിവസങ്ങൾ കൊണ്ട് ആയിരിക്കും ഈ വിവരശേഖരണം പൂർണമായി നടത്തുക. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെ ആയിരിക്കും പര്യവേക്ഷണം നടത്തുക. അത്രയും കാലത്തോളം ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും.

ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണ് ഹോപ് പ്രോബിന് ആവശ്യമായി വരിക. ആയിരം കിലോമീറ്റർ അടുത്തു വരെ പോകാൻ സാധിക്കും. ചൊവ്വയുടെ ഭ്രമണപഥത്തിൽ ഹോപ് പ്രോബ് സഞ്ചരിക്കുന്ന ഏറ്റവും അകന്ന ദൂരം 49380 കിലോമീറ്റർ ആണ്. 493 ദശലക്ഷം സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിൽ എത്തിയത്.

ഹോപ് പ്രോബ് പര്യവേക്ഷണം നടത്തുന്നത് എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ്. ഓരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ 20 ചിത്രങ്ങൾ വീതം ഭൂമിയിലേക്ക് അയയ്ക്കും. പൊടി, ഐസ്, നീരാവി, താപനില, ജലം എന്നിവ മനസിലാക്കാൻ ഉതകുന്ന ചിത്രങ്ങൾ ആയിരിക്കും ഇത്. ചൊവ്വയിൽ നിന്ന് അയയ്ക്കുന്ന ചിത്രങ്ങൾ ഭൂമിയിൽ എത്താൻ 11 മിനിറ്റ് വേണം.

മാർസ് ഇമേജറും ഇതേ പോലെ ചിത്രങ്ങൾ അയയ്ക്കും. ആ ചിത്രങ്ങൾ പ്രധാനമായും ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്ന ചിത്രങ്ങൾ ആയിരിക്കും. 20 ചിത്രങ്ങൾ വീതമായിരിക്കും മാർസ് ഇമേജർ അയയ്ക്കുക.

ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററും ചിത്രങ്ങൾ അയയ്ക്കും. ചൊവ്വയിൽ ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം മനസിലാക്കാൻ കഴിയുന്ന ചിത്രങ്ങൾ ആയിരിക്കും അയയ്ക്കുക.

ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ച സമഗ്ര ചിത്രം ലഭിക്കാൻ പോകുന്നത് ഇത് ആദ്യമായാണ് എന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചൊവ്വയെപ്പറ്റി വ്യക്തമായി മനസിലാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരുന്നൂറിലധികം ബഹിരാകാശ പഠനകേന്ദ്രങ്ങളിലേക്കാണ് ഈ ചിത്രങ്ങൾ പോകുന്നത്. 73.5 കോടിയാണ് യു എ ഇയുടെ അഭിമാന പദ്ധതിയായ ഹോപ് പ്രോബിന് ചെലവ്. 55 ലക്ഷം മണിക്കൂർ കൊണ്ട് 450ലേറെ ജീവനക്കാരാണ് ഇത് നിർമിച്ചത്. 2020 ജൂലൈ ഇരുപതിന് ആയിരുന്നു ഹോപ് പ്രോബ് കുതിച്ചുയർന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.