തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും നിശിതമായി വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ നഡ്ഡ. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോടാണ് പ്രിയം. മറ്റൊരാള്‍ക്ക് സോളാറില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. തൃശൂരില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും വ്യാപകമായ അഴിമതിയിലാണ്. ഒരു സംസ്ഥാനമെന്ന നിലയില്‍ അഴിമതിയും കുംഭകോണങ്ങളും കേരളത്തിന് വളരെ മോശമായ പേര് നല്‍കിയിട്ടുണ്ട്, അഴിമതി കേസുകളില്‍ സ്ത്രീകളുടെ നിഴല്‍ ഉണ്ട്. ഇത് പണത്തിന്റെ അഴിമതി മാത്രമല്ല, അതിലുപരിയാണ്.
കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും നിറഞ്ഞ ഒരു സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. സ്ത്രീ-ദളിത് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു, ക്രമസമാധാനനില തകര്‍ന്നു, കോവിഡ് കൈകാര്യം ചെയ്യാനായി സംസ്ഥാനത്തിന് നല്കിയ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യുകയുമുണ്ടായി' നഡ്ഡ പറഞ്ഞു.
പ്രധാനമന്ത്രി മോദി ചെയ്യുന്ന നല്ല പ്രവൃത്തികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ കരുതല്‍ നമ്മള് അറിഞ്ഞിരിക്കേണ്ടത്. യെമനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആളുകളെ തിരികെ കൊണ്ടുവന്നത് എങ്ങനെയെന്ന് നാം ഓര്‍ക്കണമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.