സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ല: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തിൽ മലക്കം മറിഞ്ഞ്- രമേശ് ചെന്നിത്തല


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയ ചെത്തുകാരന്റെ മകൻ പരാമര്‍ശത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂര്‍ത്തിനേയുമാണ് സുധാകരന്‍ പരാമര്‍ശിച്ചത്. അല്ലാതെ മറ്റൊരു പരാമര്‍ശം നടത്തിയല്ലെന്നാണ് സുധാകരന്‍ വിശദീകരിച്ചതെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനെ അഭിപ്രായമില്ല. ഇന്നലെ ഞാന്‍ മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്കിയ പൊതു പ്രസ്താവന മറ്റ് രീതിയില്‍ ചിത്രീകരിച്ചതാണ്. അല്ലാതെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ വിവാദം ഇവിടെ അവസാനിക്കണം. - ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുഖ്യമന്ത്രിയെക്കുറിച്ച് 'ചെത്തുകാരന്റെ മകന്‍' എന്ന് കെ. സുധാകരന്‍ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ജാതിവെറിയല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്തിന് തന്നെ തള്ളിപ്പറഞ്ഞെന്ന് അറിയില്ലെന്നും വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ. സുധാകരന്‍ എം.പിയും പ്രതികരിച്ചിരുന്നു. തുടർന്നാണ് ചെന്നിതലയുടെ വിശദീകരണം.

ചെത്തുകാരന്‍ എന്ന പദപ്രയോഗം നടത്തിയതില്‍ തെറ്റില്ലെന്നും ഉയരങ്ങളിലെത്തുമ്പോള്‍ തൊഴിലാളിനേതാക്കള്‍ കഴിഞ്ഞകാലം മറക്കുന്നു എന്നാണ് താന്‍ അര്‍ഥമാക്കിയതെന്നും കെ. സുധാകരന്‍ വിശദീകരിച്ചിരുന്നു. ചെത്തുകുടുംബത്തില്‍ ജനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ വിശദീകരണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക