കേരളത്തിൽ ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യം ദേവസ്വം ബോര്‍ഡുകളെല്ലാം പിരിച്ചുവിടും, യുപി മോഡൽ ലൗ ജിഹാദ് നിയമം സംസ്ഥാനത്തും നടപ്പാക്കും: കെ.സുരേന്ദ്രൻ


കോഴിക്കോട്: ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വംബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ.സുരേന്ദ്രന്‍. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം സര്‍ക്കാരിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങളാണ്.

ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ് നേതാക്കള്‍ മാളത്തിലൊളിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവും സമരത്തില്‍ ജനങ്ങളോടൊപ്പം ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു ബൂത്ത് നേതാവിന് പോലും ശബരിമല സമരത്തിന്റെ പേരില്‍ കേസില്ല. പത്തനംതിട്ടയ്ക്കപ്പുറത്തേക്ക് കോണ്‍ഗ്രസിനെ എവിടേയും കണ്ടില്ല. ഞങ്ങളാണ് സര്‍ക്കാരിനെ മുട്ടുകുത്തിച്ചത്‌.

ശബരിമല വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലെ ക്രൂരമായ നിലപാട് സ്വീകരിച്ചയാള്‍ വേറെ ആരുമില്ല. ഒരു പ്രസ്താവന പോലും അദ്ദേഹം അന്ന് ഇറക്കിയില്ല. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവര്‍ എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിക്ക്.

ശബരിമല കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് പറയണം. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദ് തടയാനുള്ള നിയമംകൊണ്ടുവരും. യുഡിഎഫും എല്‍ഡിഎഫും അതിന് തയ്യാറുണ്ടോയെന്ന് പറയണം. വിശ്വാസികളുടെ കാര്യത്തില്‍ പ്രസ്താവനകള്‍ കൊണ്ട് കാര്യമില്ല. നടപടികളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.