പത്തനംതിട്ട: മാസ്ക് ധരിക്കാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പത്തനംതിട്ടയിലാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അടൂരിലെത്തിയപ്പോഴാണ് യാത്രക്കാരന് കുത്തേറ്റത്.
മാസ്ക് ധരിക്കാതെ കെഎസ്ആർടിസി ബസിൽ കയറിയ യാത്രക്കാരനെ മറ്റൊരു യാത്രക്കാരൻ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ടാപ്പിങ് തൊഴിലാളിയായ കൊല്ലം പകൽകുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. സംഭവത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന കന്യാകുമാരി സ്വദേശി റസൽ രാജു അറസ്റ്റിലായി.
റസൽ രാജു മാസ്ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. റസൽ രാജു ജോസിന്റെ ബാഗിൽ ഉണ്ടായിരുന്ന ടാപ്പിങ് കത്തി എടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോസിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.