മോദിയെ കാത്തിരിക്കുന്നത് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി: ആഞ്ഞടിച്ച്- മമത ബാനര്‍ജി


കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യക്കെതിരെ കല്‍ക്കരി കള്ളക്കടത്ത് ആരോപണത്തില്‍ കേസെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി. ഹൂഗ്ലിയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു മമത മോദിയെ വിമര്‍ശിച്ചത്. കലാപകാരി, അസുരന്‍ എന്നിങ്ങനെയാണ് നരേന്ദ്ര മോദിയെ മമത വിശേഷിപ്പിച്ചത്.

'രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് പ്രധാനമന്ത്രി. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശമായ ദുര്‍വിധിയാണ് നരേന്ദ്ര മേദിക്കു വരാനിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാനായിരിക്കും ഗോള്‍ കീപ്പര്‍. ബിജെപിക്ക് ഒരു ഗോള്‍ പോലും അടിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എന്നെ കൊല്ലാം, അടിക്കാം, പക്ഷേ എന്റെ മരുമകളെ അപമാനിക്കാന്‍ കഴിയുമോ? നിങ്ങള്‍ ഞങ്ങളുടെ അമ്മമാരെയും മക്കളെയും കല്‍ക്കരി മോഷ്ടാക്കള്‍ എന്നു വിളിക്കുകയാണ്' മമത പറഞ്ഞു.

'അസരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ നമ്മുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കും. ബംഗാള്‍ പിടിച്ചെടുക്കും. പക്ഷെ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം. ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല' മമത വ്യക്തമാക്കി. കല്‍ക്കരി തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അഭിഷേകിന്റെ ഭാര്യ രുചിര ബാനര്‍ജിയെ സിബിഐ അവരുടെ വീട്ടില്‍ എത്തി ചോദ്യം ചെയ്തിരുന്നു. കല്‍ക്കരി മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. തൃണമൂല്‍ നേതാവ് വിനയ് മിശ്ര വഴി അഭിഷേക് കോഴ വാങ്ങിയെന്നാണ് ബിജെപി ആരോപണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.